റുതുരാജ് ഗെയ്ക് വാദായിരിക്കുമോ രവീന്ദ്ര ജഡേജയായിരിക്കുമോ വരാനിരിക്കുന്ന മെഗാതാരലേലത്തിനു മുന്നോടിയായുള്ള സി എസ് കെയുടെ ആദ്യ റീടെൻഷൻ? ഈ വിഷയത്തിൽ തന്റെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപണറും പ്രശസ്ത കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇതിനൊപ്പം ധോണിയുടെ സി എസ് കെയ്ക്കൊപ്പമുള്ള ഭാവിയെക്കുറിച്ചും അദ്ദേഹം മനസ് തുറന്നു. അൺ ക്യാപ്ഡ് റീറ്റെൻഷനായി ധോണിയെ സി എസ് കെ ഉൾപ്പെടുത്തുമെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം.
കഴിഞ്ഞ ഐ പി എൽ സീസണിൽ സി എസ് കെ നായകനായി അവരോധിക്കപ്പെട്ട റുതുരാജ് 14 ഇന്നിങ്സുകളിൽ നിന്നായി 583 റൺസ് 53 ആവറേജിൽ നേടിയിരുന്നു. അതിനൊപ്പം വിരാട് കോഹ്ലിക്കു പിറകിൽ രണ്ടാമതായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു റുതുരാജ്. ജഡേജയാവട്ടെ, 11 ഇന്നിങ്സുകളിൽ നിന്നായി 267 റൺസ് നേടുകയും 8 വിക്കറ്റുകൾ നേടുകയും ചെയ്തിരുന്നു.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആകാശ് ചോപ്ര ആദ്യ റീറ്റെൻഷൻ തുകയായ 18 കോടിയ്ക്ക് ജഡേജയെയാണോ അതോ റുതുരാജിനെയാണോ സി എസ് കെ തിരഞ്ഞെടുക്കുക എന്ന വിഷയത്തിൽ മനസ് തുറന്നത്.
'ധോണിയെ എന്തായാലും അൺക്യാപ്ഡ് വിഭാഗത്തിൽ 4 കോടി രൂപയ്ക്ക് അവർ റീറ്റെയിൻ ചെയ്യും. 18 കോടി വിലമതിക്കുന്ന രണ്ട് പേർ അവരുടെ ടീമിലുണ്ട്. റുതുരാജും ജഡേജയും. ആരെ ആദ്യടീറ്റെൻഷനായി നിലനിർത്തും എന്നത് അവരെ സംബന്ധിച്ചിടത്തോളം സങ്കീർണമായ തീരുമാനമായിരിക്കും. ഇരുവരെയും കൺവിൻസ് ചെയ്ത് ആദ്യ രണ്ട് റീറ്റെൻഷനുകളും ചെയ്താൽ മൂന്നാമത്തെ റീറ്റെൻഷൻ തീർച്ചയായും ശിവം ദൂബെയായിരിക്കും.' ആകാശ് ചോപ്ര അഭിപ്രായപ്പെട്ടതിങ്ങനെ.
കഴിഞ്ഞ സീസണിൽ ദൂബെ 162. 29 സ്ട്രൈക്ക് റേറ്റിൽ 396 റൺസടിച്ചിരുന്നു. അതിനൊപ്പം നിരവധി മാച്ച് വിന്നിങ് ഇന്നിങ്സുകളും അദ്ദേഹം നേടിയിരുന്നു.