കഴിഞ്ഞ ദിവസങ്ങളിലാണ് മുൻ ഇന്ത്യൻ സ്റ്റാർ സ്പിന്നറായ ഹർഭജൻ സിങ് മുമ്പൊരിക്കൽ ആർസിബിയുമായുള്ള മത്സരപരാജയത്തിനു ശേഷം മഹേന്ദ്ര സിങ് ധോണി ടി വി സ്ക്രീൻ അടിച്ചുപൊളിച്ചുവെന്ന് വെളിപ്പെടുത്തിക്കൊണ്ട് രംഗത്ത് വന്നത്. എന്നാൽ ഇപ്പോൾ ഈ കാര്യം നിഷേധിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സി എസ് കെ വൃത്തങ്ങൾ.
'ഇക്കഴിഞ്ഞ ഐ പി എല്ലിൽ എതിർടീമായ ആർസിബിയോട് സി എസ് കെ തോറ്റപ്പോൾ ആണ് സംഭവങ്ങൾ അരങ്ങേറിയത്. ആർസിബി താരങ്ങൾ ആ സമയത്ത് അവർക്കവകാശപ്പെട്ട വിജയം ആഘോഷിക്കുകയായിരുന്നു. ഞാൻ ആ സമയത്ത് ആ സീനെല്ലാം അവിടെ നിന്ന് കണ്ടുനിൽക്കുകയായിരുന്നു. ആർസിബി താരങ്ങൾ ആഘോഷം അവസാനിപ്പിച്ചപ്പോൾ ധോണി അവരെ കാത്തുനിൽക്കാതെ നേരെ ഡ്രെസിങ് റൂമിലേക്ക് ചെല്ലുന്നു. പുറത്തെ സ്ക്രീനിൽ ആഞ്ഞടിക്കുന്നു. ഞാനിതൊക്കെ കാണുന്നുണ്ടായിരുന്നു. എല്ലാ കളിക്കാർക്കും ഇങ്ങനെ ചില ഇമോഷൻസുണ്ടാകും. അതൊക്കെ സംഭവിക്കുകയും ചെയ്യും.' ഹർഭജന്റെ വെളിപ്പെടുത്തൽ ഇതായിരുന്നു.
ഹർഭജന്റെ ഈ കമന്റ് വലിയ രീതിയിൽ തന്നെ ആരാധകർക്കിടയിൽ ചർച്ചയായി. കാരണം ക്രിക്കറ്റ് ലോകത്തെ ഏറ്റവും കൂൾ ആയ നായകനായി അറിയപ്പെടുന്ന ആളാണല്ലോ ധോണി. ഈ ചർച്ചകൾക്കിടയിലാണ് സിഎസ്കെയുടെ ഹെഡ് സൈക്കോതെറാപ്പിസ്റ്റ് ടോമി സിംസെക് ഇതിനെ നിഷേധിച്ചുകൊണ്ടും താൻ ഇതുവരെയും ഒരു മത്സരം തോറ്റതിനു ശേഷം ധോണി ക്ഷോഭം പ്രകടിപ്പിക്കുന്നത് കണ്ടിട്ടില്ലെന്നുമുള്ള പരാമർശവുമായി രംഗത്ത് വന്നത്.
'ഇത് വിഡ്ഢിത്തമാണ്. ധോണി മത്സരശേഷം ഒന്നും തകർക്കുന്നതോ ആക്രമണോത്സുകനാവുന്നതോ ഞാൻ ഇതുവരെയും കണ്ടിട്ടില്ല. ഇതൊരു ഫേക്ക് ന്യൂസാണ്.' ടോമി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ.
കഴിഞ്ഞ ഐ പി എല്ലിലെ സി എസ് കെ - ആർസിബി മാച്ച് ഐതിഹാസികമായ മത്സരങ്ങളിലൊന്നായിരുന്നു. ഇരുടീമുകൾക്കും ജീവൻമരണ പോരാട്ടമായിരുന്ന ആ മത്സരത്തിൽ 27 റൺസിനാണ് സിഎസ്കെയെ ആർസിബി തോൽപിച്ചത്. ധോണി ആ മത്സരത്തിൽ അവസാനമിറങ്ങി 13 പന്തിൽ 27 റൺസടിച്ച് തകർത്തടിച്ചിരുന്നു. തോൽവിയ്ക്ക് ശേഷം ധോണി എതിർടീമിലെ ടീമംഗങ്ങളുമായി ഷേക്ക് ഹാൻഡ് ചെയ്യാതെ നടന്നുനീങ്ങിയത് ആ സമയത്തേ വിവാദമായിരുന്നു.