ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിന് മുമ്പായുള്ള മെഗാലേലത്തിൽ ധോണിയെ കൂടാതെ എട്ട് മറ്റ് താരങ്ങളെ കൂടി ടീമുകൾക്ക് അൺക്യാപ്ഡ് നിയമത്തിൽ ഉൾപ്പെടുത്തി നിലനിർത്താൻ കഴിയും. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതോ അവസാനമായി ദേശീയ ടീമിനായി കളിച്ച് അഞ്ച് വർഷത്തിൽ അധികമായ താരങ്ങളെയോ ആഭ്യന്തര താരങ്ങളായി പരിഗണിച്ച് ഐപിഎൽ ടീമുകൾക്ക് നിലനിർത്താൻ കഴിയും. പല ടീമുകൾക്കും നിർണായക താരങ്ങളെ നിലനിർത്താൻ ഈ നിയമം ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ നിലനിർത്തുന്ന താരങ്ങൾക്ക് നാല് കോടി രൂപയാണ് പ്രതിഫലം.
മുംബൈ ഇന്ത്യൻസ് നിരയിൽ നിർണായക സാന്നിധ്യമായ പീയൂഷ് ചൗള 2012ലാണ് ഒടുവിൽ ഇന്ത്യയ്ക്കായി കളിച്ചത്. രാജസ്ഥാൻ റോയൽസ് താരം സന്ദീപ് ശർമ 2015 ൽ ഇന്ത്യയ്ക്കായി രണ്ട് ട്വന്റി 20 മത്സരങ്ങൾ മാത്രമാണ് കളിച്ചത്. പഞ്ചാബ് കിങ്സ് പേസർ റിഷി ധവാൻ ഇന്ത്യയ്ക്കായി ഏതാനും മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. 2016ലാണ് ഒടുവിൽ റിഷി ധവാൻ ദേശീയ ടീമിന്റെ കുപ്പായം അണിഞ്ഞത്.
സൺറൈസേഴ്സ് ഹൈദരാബാദ് സ്പിന്നർ മായങ്ക് മാർക്കണ്ഡെ 2019ൽ ഇന്ത്യയ്ക്കായി ഒരു ട്വന്റി 20 കളിച്ചു. 2019ലെ ലോകകപ്പിലാണ് ഗുജറാത്ത് ടൈറ്റൻസ് താരം വിജയ് ശങ്കർ അവസാനമായി ഇന്ത്യൻ നിരയിൽ കളിച്ചത്. 2015 ലെ ലോകകപ്പിലാണ് ഗുജറാത്ത് താരം മോഹിത് ശർമ ഒടുവിൽ ഇന്ത്യയുടെ നീലക്കുപ്പായം അണിഞ്ഞത്.
40 വയസ് പിന്നിട്ടെങ്കിലും സ്പിന്നർ അമിത് മിശ്രയെ ഇംപാക്ട് പ്ലെയറായി ലഖ്നൗവിന് ഇറക്കാൻ കഴിയും. അതിന് അൺക്യാപ്ഡ് താരമായി ഇന്ത്യൻ മുൻ സ്പിന്നറെ ടീമിൽ നിലനിർത്തിയാൽ മതി. റോയൽ ചലഞ്ചേഴ്സ് സ്പിന്നർ കരൺ ശർമയും ഇന്ത്യയ്ക്കായി ഏതാനും മത്സരങ്ങൾ കളിച്ചിട്ടുണ്ട്.