പാകിസ്താൻ ക്രിക്കറ്റ് ഏകദിന ടീമിന്റെ നായകനായി ബാബർ അസമിനെ തിരിച്ചുകൊണ്ടുവരാൻ പിസിബി ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. താരങ്ങളുടെ ജോലി ഭാരം പരിഗണിച്ച് മൂന്ന് ഫോർമാറ്റുകളിലും വ്യത്യസ്ത നായകരെ വേണമെന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്നത്. അതിനാൽ ഏകദിന ടീമിന്റെ നായക സ്ഥാനത്തേയ്ക്ക് ബാബർ അസമിനെ തന്നെയാണ് പാക് ബോർഡ് പരിഗണിക്കുന്നത്. എന്നാൽ പരിശീലകൻ ഗാരി കിർസ്റ്റണ് വേറെ പദ്ധതികളാണ് മനസിൽ. മൂന്ന് ഫോർമാറ്റുകളിലും സമ്മർദ്ദങ്ങളെ അതിജീവിക്കാൻ കഴിയുന്ന ഒരാൾ നായകനാകണമെന്നാണ് കിർസ്റ്റന്റെ അഭിപ്രായം.
കഴിഞ്ഞ ദിവസമാണ് ബാബർ അസം പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ഏകദിന, ട്വന്റി 20 ടീം ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും രാജിവെച്ചത്. ഒരു വർഷത്തിൽ രണ്ടാമത്തെ തവണയാണ് ബാബർ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും രാജിവെയ്ക്കുന്നത്. നേരത്തെ 2023 ഒക്ടോബർ-നവംബർ മാസങ്ങളിലായി നടന്ന ഏകദിന ലോകകപ്പിലെ തോൽവിക്ക് പിന്നാലെ ബാബർ പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയിരുന്നു. എന്നാൽ ഏതാനും ആഴ്ചകളുടെ ഇടവേളയിൽ ബാബർ പാകിസ്താൻ ടീമിന്റെ നായകസ്ഥാനത്ത് തിരിച്ചെത്തുകയായിരുന്നു.
ഒക്ടോബർ ഏഴിന് ഇംഗ്ലണ്ടിനെതിരെയാണ് പാകിസ്താൻ അടുത്ത പരമ്പര കളിക്കുന്നത്. ഇത് ടെസ്റ്റ് പരമ്പര ആയതിനാൽ ക്യാപ്റ്റൻ സ്ഥാനത്ത് ഷാൻ മസൂദ് ഉണ്ട്. അടുത്ത മാസം നാലിന് ഓസ്ട്രേലിയയ്ക്കെതിരെയാണ് പാകിസ്താൻ ഇനി ഏകദിന ക്രിക്കറ്റ് കളിക്കുന്നത്. ഈ ടീമിലേക്ക് അടുത്ത ക്യാപ്റ്റനെ കണ്ടെത്തണമെന്നതാണ് പാകിസ്താൻ ക്രിക്കറ്റിന് മുമ്പിലുള്ള വെല്ലുവിളി. ഷഹീൻ ഷാ അഫ്രീദിയും മുഹമ്മദ് റിസ്വാനുമാണ് പാക് നായകസ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്നവരിൽ മുൻനിരയിലുള്ളത്.