ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെ ഇരട്ട സെഞ്ച്വറി നേടിയതിന് പിന്നാലെ പ്രതികരണവുമായി മുംബൈ താരം സർഫ്രാസ് ഖാൻ. 'ഇത് എനിക്ക് വൈകാരികമായ ദിവസങ്ങളാണ്. ഞാൻ എന്റെ സഹതാരങ്ങളോട് പറഞ്ഞിരുന്നു. എന്റെ സ്കോർ 50 കടന്നാൽ അത് ഇരട്ട സെഞ്ച്വറിയിലെ അവസാനിക്കൂ. ഒരു സെഞ്ച്വറി എനിക്ക് വേണ്ടിയും മറ്റൊന്ന് സഹോദരൻ മുഷീർ ഖാന് വേണ്ടിയും ആയിരിക്കും.'- സർഫ്രാസ് പ്രതികരിച്ചു.
സർഫ്രാസ് ഖാന്റെ സഹോദരൻ മുഷീർ ഖാന് കഴിഞ്ഞയാഴ്ച വാഹനാപകടം സംഭവിച്ചിരുന്നു. ഇറാനി കപ്പ് ടൂർണമെന്റിനായി കാൺപൂരിൽ നിന്ന് ലഖ്നൗവിലേക്ക് സഞ്ചരിക്കവെയാണ് മുഷീറിന് അപകടമുണ്ടായത്. താരത്തിന്റെ പിതാവും കൂടെയുണ്ടായിരുന്നു. കഴുത്തിന് പരിക്കേറ്റെന്നും മൂന്ന് മാസത്തോളം താരത്തിന് വിശ്രമം വേണ്ടിവരുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താരം അപകടനില തരണം ചെയ്തിട്ടുണ്ട്.
ഇറാനി ട്രോഫിയിൽ മുംബൈ താരമായ സർഫ്രാസ് 222 റൺസെടുത്ത് പുറത്താകാതെ നിന്നു. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെ ആദ്യ ഇന്നിംഗ്സിൽ മുംബൈയ്ക്ക് 537 എന്ന വലിയ സ്കോർ കണ്ടെത്താൻ സഹായമായതും സർഫ്രാസിന്റെ ഇരട്ട സെഞ്ച്വറിയാണ്. വമ്പൻ സ്കോറിനോട് മറുപടി പറയുന്ന റെസ്റ്റ് ഓഫ് ഇന്ത്യ മൂന്നാം ദിവസം മത്സരം നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെന്ന നിലയിലാണ്.