ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ ബൗളിങ്ങിൽ പരിശീലകൻ മോണി മോർക്കൽ അതൃപ്തി അറിയിച്ചതായി റിപ്പോർട്ട്. ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ പരിശീലനത്തിനിടെയാണ് പാണ്ഡ്യയുടെ ബൗളിങ്ങിൽ ഇന്ത്യയുടെ ബൗളിങ്ങ് പരിശീലകൻ അതൃപ്തി രേഖപ്പെടുത്തിയത്. റിപ്പോർട്ട് പ്രകാരം, കുറച്ച് റൺ അപ്പ് മാത്രമെടുത്താണ് ഹാർദിക്ക് പന്തെറിയുന്നത് എന്നതാണ് മോർക്കലിന്റെ അതൃപ്തിക്ക് കാരണമായത്. ഈ തെറ്റ് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ നേരം മോര്‍ക്കല്‍ ഹാര്‍ദിക്കുമായി സംസാരിച്ചു
അതുപോലെ ഹാർദിക്ക് പന്ത് റിലീസ് ചെയ്യുന്ന പോയിന്റിലും മോർക്കൽ മാറ്റങ്ങൾ നിർദ്ദേശിച്ചതായാണ് റിപ്പോർട്ട്.
ഒക്ടോബർ ആറിനാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ട്വന്റി 20 മത്സരം നടക്കുക. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ട്വന്റി 20യ്ക്ക് ഗ്വാളിയോർ വേദിയാകും. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം തൂത്തുവാരിയിരുന്നു. ട്വന്റി 20 പരമ്പരയിൽ യുവനിരയ്ക്കും ആധിപത്യം സ്ഥാപിക്കാന്‍ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), അർഷ്ദീപ് സിങ്, ഹാർഷിത് റാണ, മായങ്ക് യാദവ്.