ധോണി കളി തുടരട്ടെ, അയാൾക്ക് വേണ്ടി ഐപിഎല്ലിൽ നിയമങ്ങൾ മാറിക്കൊണ്ടിരിക്കും: മുഹമ്മദ് കൈഫ്

ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള ധോണിയുടെ ഭാവിയും അണ്‍ക്യാപ്ഡ് പ്ലേയര്‍ നിയമവും ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി കൈഫ് രംഗത്തെത്തിയത്.

dot image

ഐപിഎല്ലില്‍ അണ്‍ക്യാപ്ഡ് പ്ലേയര്‍ നിയമം മാറ്റിയത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ ധോണിക്ക് വേണ്ടിയാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. ഐപിഎല്‍ കളിക്കണമെന്ന് ധോണി ആഗ്രഹിക്കുന്നതുവരെ നിയമങ്ങള്‍ മാറിക്കൊണ്ടിരിക്കുമെന്നും കൈഫ് പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള ധോണിയുടെ ഭാവിയും അണ്‍ക്യാപ്ഡ് പ്ലേയര്‍ നിയമവും ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി കൈഫ് രംഗത്തെത്തിയത്.

'നിങ്ങള്‍ക്ക് ധോണിയെ വീണ്ടും ഗ്രൗണ്ടില്‍ കാണാനുള്ള അവസരം ലഭിക്കും. അദ്ദേഹം ഇപ്പോഴും ഫിറ്റാണ്. 200 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റുചെയ്യുകയും മനോഹരമായി കീപ്പ് ചെയ്യുകയും ചെയ്യുന്നു. തനിക്ക് ഐപിഎല്‍ കളിക്കണമെന്ന് ധോണി ആഗ്രഹിക്കുന്നതുവരെ നിയമങ്ങള്‍ മാറിക്കൊണ്ടിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹത്തിന് ഐപിഎല്‍ കളിക്കണമെങ്കില്‍ അദ്ദേഹം കളിക്കും. അത്ര വലിയ മാച്ച് വിന്നറാണ് ധോണി', കൈഫ് പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുഹമ്മദ് കൈഫിന്റെ പ്രതികരണം.

'ഐപിഎല്ലില്‍ നിയമം മാറ്റിയത് നന്നായെന്ന് ഞാന്‍ വിശ്വസിക്കുന്നു. ധോണി ഫിറ്റും നന്നായി കളിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് നിയമം മാറ്റി അദ്ദേഹത്തെ കളിക്കാന്‍ അനുവദിച്ചുകൂടാ? ധോണിക്ക് വേണ്ടിയാണ് ഐപിഎല്ലില്‍ നിയമം മാറിയതെന്ന് എല്ലാവര്‍ക്കും അറിയാം. ധോണിയെ പോലൊരു താരത്തിന് വേണ്ടി എന്തുകൊണ്ട് നിയമങ്ങള്‍ മാറ്റിക്കൂടാ?', കൈഫ് കൂട്ടിച്ചേര്‍ത്തു.

2008 ഐപിഎല്ലില്‍ അവതരിപ്പിച്ചതിന് ശേഷം അണ്‍ക്യാപ്ഡ് പ്ലെയര്‍ നിയമം 2021ല്‍ ഒഴിവാക്കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോ അവസാനമായി ദേശീയ ടീമിനായി കളിച്ച് അഞ്ച് വര്‍ഷത്തില്‍ അധികമായ താരങ്ങളെയോ ആഭ്യന്തര താരങ്ങളായി പരിഗണിച്ച് ഐപിഎല്‍ ടീമുകള്‍ക്ക് നിലനിര്‍ത്താന്‍ കഴിയുമെന്നതാണ് അണ്‍ക്യാപ്ഡ് പ്ലെയര്‍ നിയമം.

ഈ നിയമം 2025 ഐപിഎല്ലില്‍ വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവന്നിരിക്കുകയാണ്. പല ടീമുകള്‍ക്കും നിര്‍ണായക താരങ്ങളെ നിലനിര്‍ത്താന്‍ ഈ നിയമം ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ നിലനിര്‍ത്തുന്ന താരങ്ങള്‍ക്ക് നാല് കോടി രൂപയാണ് പ്രതിഫലം.

dot image
To advertise here,contact us
dot image