'ഷാരൂഖ് ഖാന്‍ അദ്ദേഹത്തെ പോകാന്‍ അനുവദിക്കരുത്!'; KKRന് മുന്നറിയിപ്പുമായി ആകാശ് ചോപ്ര

ലേലത്തിന് മുമ്പ് ശ്രേയസിന് പകരം മുന്‍ താരം കൂടിയായ സൂര്യകുമാര്‍ യാദവിനെ ടീമിലേക്ക് തിരികെ കൊണ്ടുവരാന്‍ കൊല്‍ക്കത്ത ശ്രമിക്കുന്നതായി വിവിധ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

dot image

ഐപിഎല്‍ 2025 താരലേലത്തിന് മുന്നോടിയായി നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുന്നറിയിപ്പ് നല്‍കി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ നിലനിര്‍ത്തണമെന്നാണ് ചോപ്രയുടെ അഭിപ്രായം. കൊല്‍ക്കത്തയുടെ ടീം ഉടമയും ബോളിവുഡ് സൂപ്പര്‍ താരവുമായ ഷാരൂഖ് ഖാന്‍ ശ്രേയസിനെ പോകാന്‍ അനുവദിക്കില്ലെന്നാണ് തോന്നുന്നതെന്നും ചോപ്ര പറയുന്നു.

'കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ നിലനിര്‍ത്തണം. ശ്രേയസ് നിങ്ങളെ വിജയിപ്പിച്ച ക്യാപ്റ്റനാണ്. 2024ല്‍ മെന്ററായിരുന്ന ഗൗതം ഗംഭീര്‍ ഇപ്പോള്‍ കൊല്‍ക്കത്തയുടെ കൂടെ ഇല്ലാത്ത സാഹചര്യത്തില്‍ ശ്രേയസിനെ നിലനിര്‍ത്തി സ്ഥിരത ഉറപ്പുവരുത്തണം. അതുകൊണ്ട് ശ്രേയസിനെ നിലനിര്‍ത്തണമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല', യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചോപ്ര പറഞ്ഞത് ഇങ്ങനെ.

'ആര്‍ടിഎം ഉപയോഗിച്ച് 18 കോടി നല്‍കിയാല്‍ നിങ്ങള്‍ക്ക് ശ്രേയസ് അയ്യരെ തിരിച്ചെടുക്കാം. പക്ഷേ ക്യാപ്റ്റനോട് ഒരിക്കലും അത് ചെയ്യരുത്. കാരണം ഈ ഗെയിം കളിക്കുന്നത് മനുഷ്യരാണ്, ഹൃദയവും വികാരവുമുള്ള മനുഷ്യര്‍. വികാരങ്ങള്‍ മനസ്സിലാക്കാന്‍ ഷാരൂഖ് ഖാനേക്കാള്‍ കൂടുതല്‍ ആര്‍ക്കാണ് സാധിക്കുക? അതുകൊണ്ട് ശ്രേയസിനെ പോകാന്‍ ഷാരൂഖ് അനുവദിക്കില്ലെന്ന് എനിക്ക് തോന്നുന്നു', ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

ലേലത്തിന് മുമ്പ് ശ്രേയസിന് പകരം മുന്‍ താരം സൂര്യകുമാര്‍ യാദവിനെ ടീമിലേക്ക് തിരികെ കൊണ്ടുവരാന്‍ കൊല്‍ക്കത്ത ശ്രമിക്കുന്നതായി വിവിധ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ടീം കൊല്‍ക്കത്ത നിലനിര്‍ത്താന്‍ സാധ്യതയുള്ള മൂന്ന് ഇന്ത്യന്‍ താരങ്ങളില്‍ ആദ്യത്തെ പേര് ശ്രേയസ് അയ്യര്‍ തന്നെയാണ്. ടീമിന്റെ കരുത്തുറ്റ മധ്യനിര ബാറ്ററായ ശ്രേയസിന്റെ ക്യാപ്റ്റന്‍സിയിലാണ് കൊല്‍ക്കത്ത 2024 ഐപിഎല്‍ ചാമ്പ്യന്മാരായത്. കലാശപ്പോരില്‍ പാറ്റ് കമ്മിന്‍സ് നയിച്ചിരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് കൊല്‍ക്കത്ത കിരീടമുയര്‍ത്തിയത്.

dot image
To advertise here,contact us
dot image