2024 വനിതാ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് ഏറ്റുവാങ്ങിയ ദയനീയ പരാജയത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 58 റണ്‍സിനാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും കിവികളോട് അടിയറവ് പറഞ്ഞത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് വനിതകള്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. മറുപടി പറഞ്ഞ ഇന്ത്യയ്ക്ക് 19 ഓവറില്‍ 102 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇതിനുപിന്നാലെയാണ് മത്സരത്തെയും ടീമിന്റെ പ്രകടനത്തെയും വിശകലനം ചെയ്ത് ഹര്‍മന്‍ രംഗത്തെത്തിയത്.
New Zealand win Match 4⃣ of the #T20WorldCup.#TeamIndia will aim to bounce back in the next game.
— BCCI Women (@BCCIWomen) October 4, 2024
Scorecard ▶️ https://t.co/XXH8OT5MsK#INDvNZ | #WomenInBlue pic.twitter.com/DmzOpOq87g
'ഞങ്ങളുടെ മികച്ച പ്രകടനമല്ല ഞങ്ങള്‍ പുറത്തെടുത്തത്. ഓരോ മത്സരവും പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് മുന്നോട്ടുപോവുന്നത്. 160-170 റണ്‍സ് ഞങ്ങള്‍ പല തവണ ചെയ്‌സ് ചെയ്തിട്ടുള്ളതാണ്. ന്യൂസിലന്‍ഡിനെതിരെയും ഞങ്ങള്‍ വിജയത്തിലെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചത്. പക്ഷേ ഞങ്ങള്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു', മത്സരശേഷം ഹര്‍മന്‍ പറഞ്ഞു.
ടീമിന്റെ കഴിവില്‍ വിശ്വാസം പ്രകടിപ്പിച്ച ഹര്‍മന്‍ ഫീല്‍ഡിങ്ങിലെ പോരായ്മകളെ കുറിച്ചും പ്രതികരിച്ചു. 'ഈ ടീമിന് നല്ല കഴിവുണ്ടെന്ന് വിശ്വാസമുണ്ട്. ഞങ്ങള്‍ക്ക് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. പക്ഷേ ഞങ്ങള്‍ക്ക് ഇവിടെ നിന്നും മുന്നോട്ടുപോവേണ്ടതുണ്ട്', ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.
'അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നെങ്കിലും അത് പ്രയോജനപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ന്യൂസിലന്‍ഡ് മികച്ച പ്രകടനം പുറത്തെടുത്തുവെന്നതില്‍ സംശയമില്ല. ഫീല്‍ഡിങ്ങില്‍ ഞങ്ങള്‍ ചില തെറ്റുകള്‍ വരുത്തി. അത് ഞങ്ങള്‍ക്ക് മുന്നോട്ട് പോകാനുള്ള ഒരു പാഠമാണ്', ഹര്‍മന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Harmanpreet Kaur about India's Dismal 58-Run Loss to New Zealand in T20 WC Opener