ഇറാനി കപ്പിൽ മുത്തമിട്ട് അജിങ്ക്യ രഹാനെ നയിക്കുന്ന മുംബൈ. വളരെക്കാലമായുള്ള മുംബൈയുടെ ഇറാനി കപ്പിനായുള്ള പോരാട്ടമാണ് വിജയകരമായ പരിസമാപ്തിയിലെത്തിയിരിക്കുന്നത്. ലഖ്നൗവിൽ നടന്ന മത്സരത്തിൽ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തിലെ മികച്ച പ്രകടനമാണ് മുംബൈയെ ചാംപ്യൻമാരാക്കിയത്.
ആദ്യഇന്നിങ്സിലെ ലീഡാണ് മുംബൈയ്ക്ക് തുണയായത്. ഇതോടെ 27 വർഷത്തെ ഇറാനി കപ്പ് കിരീടവരൾച്ചയാണ് മുംബൈ അവസാനിപ്പിച്ചിരിക്കുന്നത്. ഇത് പതിനഞ്ചാം തവണയാണ് മുംബൈ ഇറാനി കപ്പ് ജേതാക്കളാവുന്നത്. ഇറാനി കപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ജേതാക്കൾ എന്ന റെക്കോർഡ് കൂടിയാണിത്. 2023- 2024 സീസണിലെ രഞ്ജി ചാംപ്യൻമാരായ മുംബൈ 97-98 സീസണിനു ശേഷം എട്ടാമത്തെ പ്രാവശ്യമാണ് ഫൈനലിൽ മാറ്റുരയ്ക്കുന്നത്. 1997- 98 സീസണിലായിരുന്നു അവർ അവസാനമായി ഇറാനി കപ്പിൽ മുത്തമിട്ടത്.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 537 റൺസിന്റെ വലിയ ടോട്ടലാണ് മുംബൈ ഉയർത്തിയത്. സർഫറാസ് ഖാൻ 222 റൺസടിച്ചുകൂട്ടുകയുണ്ടായി. സർഫറാസിന്റെ നാലാമത്തെ ഫസ്റ്റ് ക്ലാസ് ഡബിൾ സെഞ്ച്വറി കൂടിയായിരുന്നു അത്. ക്യാപ്റ്റൻ രഹാനെ 97 റൺസ് നേടുകയുണ്ടായി. മറുപടി ബാറ്റിങ്ങിൽ റെസ്റ്റ് ഓഫ് ഇന്ത്യ നേടിയത് 416 റൺസായിരുന്നു. മികച്ച ഫോമിൽ ഈ സീസണിലുടനീളം പ്രകടനം കാഴ്ച വെച്ച അഭിമന്യു ഈശ്വരൻ 191 റൺസടിച്ചു. 121 റൺസിന്റെ ഫസ്റ്റ് ഇന്നിങ്സ് ലീഡ് നേടിയ മുംബൈ രണ്ടാം ഇന്നിങ്സിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എട്ടാമനായി ഇറങ്ങിയ തനുഷ് കോട്യൻ നേടിയ സെഞ്ച്വറിയായിരുന്നു രണ്ടാം ഇന്നിങ്സിലെ നട്ടെല്ല്. കോട്യൻ 114 റൺസെടുത്ത് പുറത്താകാതെ നിന്നു. 329/ 8 എന്ന നിലയിൽ നിൽക്കെ മത്സരം അവസാനിക്കുകയായിരുന്നു. മത്സരത്തിലെ ആദ്യ ഇന്നിങ്സ് ലീഡിന്റെ വെളിച്ചത്തിൽ മുംബൈ ചാപ്യൻമാരാവുകയും ചെയ്തു.
Content Highlights: Mumbai win 15th Irani Cup, 27 years after last title triumph