ആ തീരുമാനം ഒരു ഷോക്കായിരുന്നു, നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനോട് ചോ​ദിച്ചാലും ഇത് സമ്മതിക്കും!

കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം രോഹിത്തിന്റെ പിൻ​ഗാമിയായി ഹാർദിക് ഇന്ത്യയുടെ പുതിയ ടി20 നായകനായി അവരോധിക്കപ്പെടും എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.

dot image

ഹാർദിക് പാണ്ഡ്യയെ ടി20 ക്രിക്കറ്റ് നായകസ്ഥാനത്ത് നിന്ന് മാറ്റിയത് തന്നെ സംബന്ധിച്ചിടത്തോളം ഒരു ഷോക്കിങ് വാർത്തയായിരുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ട് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം രോഹിത്തിന്റെ പിൻ​ഗാമിയായി ഹാർദിക് ഇന്ത്യയുടെ പുതിയ ടി20 നായകനായി അവരോധിക്കപ്പെടും എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. ആ ലോകകപ്പിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നു ഹാർദിക്. എന്നാൽ പുതിയ കോച്ചായി ​ഗൗതം ​ഗംഭീർ വന്നതിനു ശേഷം ബിസിസിഐ എടുത്ത സർപ്രൈസ് നീക്കമായിരുന്നു ഹാർദിക്കിനെ മാറ്റി സൂര്യകുമാർ യാദവിനെ ക്യാപ്റ്റനായി നിയമിച്ചത്.

'എന്നെ സംബന്ധിച്ചിടത്തോളം അതൊരു അത്ഭുതമായിരുന്നു. ഒരു പരിധി വരെ അതെന്നെ നിരാശനാക്കുകയും ചെയ്തു. ഹാർദിക് വൈസ് ക്യാപ്റ്റനായിരുന്നല്ലോ. രോഹിത് ഇല്ലാത്തപ്പോൾ ഹാർദിക് നായകനായി ടീമിനെ നയിക്കുകയും ചെയ്തു. അവൻ ലോകകപ്പ് നേടി നിൽക്കുന്ന സമയമായിരുന്നു അത്. തീർച്ചയായും അവനെ സംബന്ധിച്ചിടത്തോളം അതൊരു നിരാശാജനകമായ കാര്യമായിരിക്കും. ആ തീരുമാനം ഒരിക്കലും ശരിയായിരുന്നില്ല. സൂര്യ കുമാർ യാദവിനോട് എനിക്ക് ബഹുമാനമുണ്ട്. വലിയ കളിക്കാരനാണ്. ഒരു പക്ഷേ, അവനും ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല.' ഹർഭജൻ ഈ വിഷയത്തെക്കുറിച്ച് കഴിഞ്ഞ ദിനം പറഞ്ഞതിങ്ങനെ.

വരാനിരിക്കുന്ന ബം​ഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയിൽ സൂര്യയ്ക്ക് കീഴിൽ ഹാർദിക്കും കളിക്കുന്നുണ്ട്. കഴിഞ്ഞ പരമ്പരയിലില്ലാതിരുന്ന അഭിഷേക് ശർമ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. റിഷഭിന്റെ അഭാവത്തിൽ സഞ്ജുവും ജിതേഷ് ശർമയുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ.

കഴിഞ്ഞ ദിനങ്ങളിൽ ഹാർദിക് പാണ്ഡ്യയുടെ ബൗളിങ്ങിൽ പരിശീലകൻ മോണി മോർക്കൽ അതൃപ്തി അറിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. റിപ്പോർട്ട് പ്രകാരം, കുറച്ച് റൺ അപ്പ് മാത്രമെടുത്താണ് ഹാർദിക്ക് പന്തെറിയുന്നത് എന്നതാണ് മോർക്കലിന്റെ അതൃപ്തിക്ക് കാരണമായത്. ഈ തെറ്റ് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ നേരം മോര്‍ക്കല്‍ ഹാര്‍ദിക്കുമായി സംസാരിക്കുകയും ചെയ്തതായാണ് വിവരം.

ഒക്ടോബർ ആറിനാണ് ഇന്ത്യയും ബം​ഗ്ലാദേശും തമ്മിലുള്ള ആദ്യ ട്വന്റി 20 മത്സരം നടക്കുക. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ​ആദ്യ ട്വന്റി 20യ്ക്ക് ​ഗ്വാളിയോർ വേദിയാകും. ബം​ഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം തൂത്തുവാരിയിരുന്നു. ട്വന്റി 20 പരമ്പരയിൽ യുവനിരയ്ക്കും ആധിപത്യം സ്ഥാപിക്കാന്‍ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ബം​ഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, റിയാൻ പരാ​ഗ്, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), അർഷ്ദീപ് സിങ്, ഹർഷിത് റാണ, മായങ്ക് യാദവ്.

dot image
To advertise here,contact us
dot image