'രോഹിത് ആർ സി ബിയിലേക്ക് എത്തിയാൽ…'; വിലയിരുത്തി എ ബി ഡിവില്ലിയേഴ്സ്

കഴിഞ്ഞ ദിവസമാണ് രോഹിത് ശർമ റോയൽ ചലഞ്ചേഴ്സിലേക്ക് എത്തിയേക്കുമെന്ന് സൂചനകൾ നൽകിയത്

dot image

അടുത്ത ഐപിഎൽ സീസണിൽ രോഹിത് ശർമ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിൽ എത്തുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് മുൻ താരം എ ബി ഡിവില്ലിയേഴ്സ്. രോഹിത് ശർമ മുംബൈയിലെത്തുമെന്ന വാർത്തകൾ കേട്ടപ്പോൾ ഞാൻ ചിരിക്കുകയാണ് ചെയ്തത്. അതൊരു വാർത്ത മാത്രമാണ്. അത്തരമൊരു സംഭവമുണ്ടായാൽ അത് ഹാർദിക് പാണ്ഡ്യ ​ഗുജറാത്ത് ടൈറ്റൻസിൽ നിന്നും മുംബൈ ഇന്ത്യൻസിലേക്ക് തിരികെയെത്തിയതിനേക്കാൾ വലിയ വാർത്തയാകും. മുംബൈ ഇന്ത്യൻസിന്റെ വലിയ എതിരാളികളിൽ ഒന്നായ റോയൽ ചലഞ്ചേഴ്സിലേക്ക് രോഹിത് വരാൻ സാധ്യതയില്ല. ഞാൻ അതിന് 0.01 ശതമാനം മാത്രം സാധ്യതയാണ് കൽപ്പിക്കുന്നത്, തന്റെ യുട്യൂബ് ചാനലിൽ എ ബി ഡിവില്ലിയേഴ്സ് പ്രതികരിച്ചു.

അടുത്ത സീസണിൽ റോയൽ ചലഞ്ചേഴ്സിനെ ഫാഫ് ഡു പ്ലെസിസ് തന്നെ നയിക്കണമെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. പ്രായം വെറും അക്കം മാത്രമാണ്. 40 എന്ന പ്രായം ഡു പ്ലെസിയെ സംബന്ധിച്ച് പ്രശ്നമാകില്ല. കുറച്ച് സീസൺ കൂടി ഡു പ്ലെസിക്ക് ഐപിഎല്ലിൽ തുടരാൻ കഴിയും. റോയൽ ചലഞ്ചേഴ്സ് ഇതുവരെ ഒരു ഐപിഎൽ നേടിയിട്ടില്ലെന്നത് ഡുപ്ലെസിക്ക് സമ്മർദ്ദമാണ്. എങ്കിലും ഒരു മികച്ച താരമാണ് അയാൾ. വിരാട് കോഹ്‍ലിക്കും ഡു പ്ലെസി നായകനാകുന്നതാവും താൽപ്പര്യം, ഡിവില്ലിയേഴ്സ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഇന്ത്യൻ മുൻ താരം മുഹമ്മദ് കൈഫാണ് രോഹിത് ശർമ റോയൽ ചലഞ്ചേഴ്സിലേക്ക് എത്തിയേക്കുമെന്ന് സൂചനകൾ നൽകിയത്. ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ അടുത്ത സീസണിന് മുമ്പായി നടക്കുന്ന മെ​ഗാലേലത്തിൽ രോഹിത് ശർമ വന്നാൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരത്തെ സ്വന്തമാക്കിയേക്കുമെന്ന് കൈഫ് പറഞ്ഞു. റോയൽ ചലഞ്ചേഴ്സിൽ രോഹിത് ശർമയ്ക്ക് നായകനാകാൻ കഴിയും. ഒരുപക്ഷേ വലിയ സ്കോറുകൾ കണ്ടെത്താൻ രോഹിത്തിന് കഴിഞ്ഞേക്കില്ല. 40 അല്ലെങ്കിൽ 50 റൺസാവും അയാൾക്ക് നേടാൻ കഴിയുക. പക്ഷേ ഒരു ടീമിനെ എങ്ങനെ നയിക്കണമെന്ന് രോഹിത് ശർമയ്ക്ക് അറിയാമെന്ന് സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ മുഹമ്മദ് കൈഫ് അഭിപ്രായപ്പെടുകയുണ്ടായി.

Content Highlights: A B De Villiers denies Rohit Sharma's RCB move, less than one percentage chance

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us