പാകിസ്താനെതിരെ രണ്ട് അനായാസ ക്യാച്ചുകള്‍ കൈവിട്ട് മലയാളി താരം ആശ ശോഭന; വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

ഒരു മത്സരത്തില്‍ തന്നെ രണ്ട് ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയ ആശ ശോഭനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലും വിമര്‍ശനം ശക്തമാണ്.

dot image

2024 വനിതാ ടി20 ലോകകപ്പില്‍ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. പാകിസ്താനെ ആറ് വിക്കറ്റിനാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും പരാജയപ്പെടുത്തിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 106 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കെ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ എത്തിച്ചേര്‍ന്നു. 35 പന്തില്‍ 32 റണ്‍സെടുത്ത ഷഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മലയാളി ഓള്‍റൗണ്ടര്‍ സജന സജീവനാണ് ബൗണ്ടറിയടിച്ച് വിജയം കുറിച്ചത്.

മത്സരത്തിന് ശേഷം ടീമിലെ മറ്റൊരു മലയാളി താരമായ ആശ ശോഭനയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ആദ്യം ബാറ്റുചെയ്യാനിറങ്ങിയ പാകിസ്താനെതിരെ ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും രണ്ട് ക്യാച്ചുകള്‍ കൈവിട്ടിരുന്നു, ആശ. ഓപ്പണര്‍ മുനീബ അലിയെ പുറത്താക്കാനുള്ള സുവര്‍ണാവസരമാണ് ആശ ആദ്യം കളഞ്ഞുകുളിച്ചത്.

അരുന്ധതി റെഡ്ഡി എറിഞ്ഞ ഏഴാം ഓവറിലായിരുന്നു സംഭവം. മുനീബ ഫൈന്‍ ലെഗിലേക്ക് അടിച്ച പന്ത് സര്‍ക്കിളിനുള്ളില്‍ നില്‍ക്കുകയായിരുന്ന ആശയുടെ നേരെ മുകളിലേക്കാണ് ഉയര്‍ന്നത്. എന്നാല്‍ അനായാസം പിടിക്കാമായിരുന്ന പന്ത് ആശ അവിശ്വസനീയമായി കൈവിട്ടുകളഞ്ഞു.

13-ാം ഓവറിലായിരുന്നു രണ്ടാമത്തെ ക്യാച്ച് കൈവിട്ടത്. ഇത്തവണ പാക് ക്യാപ്റ്റന്‍ ഫാത്തിമ സനയെ പുറത്താക്കാനുള്ള സുവര്‍ണാവസരമായിരുന്നു ആശ നഷ്ടപ്പെടുത്തിയത്. നിര്‍ണായക ക്യാച്ച് പാഴാക്കിയതിന്റെ നിരാശ ഡഗ്ഗൗട്ടില്‍ ഇരിക്കുകയായിരുന്ന കോച്ച് അമോല്‍ മുജുംദാറിന്റെ മുഖത്തും പ്രകടമായിരുന്നു.

ഒരു മത്സരത്തില്‍ തന്നെ രണ്ട് ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയ ആശ ശോഭനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലും വിമര്‍ശനം ശക്തമാണ്. ആശയ്ക്ക് ഇന്ന് നല്ല ദിവസമല്ലെന്നാണ് ചില പോസ്റ്റുകള്‍. ആശയുടെ ഫീല്‍ഡിങ് അംഗീകരിക്കാനാവില്ലെന്നും ഫീല്‍ഡിങ്ങ് മെച്ചപ്പെടുത്തണമെന്നും ആരാധകര്‍ പറയുന്നുണ്ട്.

Content Highlights: Asha Sobhana dropped two easy catches vs Pakistan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us