പാകിസ്താൻ ക്രിക്കറ്റ് ഏകദിന, ട്വന്റി 20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ബാബർ അസം രാജിവെച്ചത് ടീമിലെ അന്തരീക്ഷത്തെ ബാധിക്കില്ലെന്ന് ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ സൗദ് ഷക്കീൽ. നാളെ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് ആരംഭിക്കാനിരിക്കെയാണ് സൗദ് ഷക്കീലിന്റെ പ്രതികരണം. ബാബർ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചിരിക്കുന്നത് വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്നുമാണ്. അത് റെഡ് ബോൾ ക്രിക്കറ്റിനെ ബാധിക്കില്ല. ക്യാപ്റ്റൻ സ്ഥാനത്ത് നിന്നൊഴിയുന്നത് ബാബറിന്റെ വ്യക്തിപരമായ കാര്യമാണ്. ഇത് സംബന്ധിച്ച് പുറത്ത് ഒരുപാട് സംസാരങ്ങൾ ഉണ്ടാവും. എന്നാൽ ടീമിൽ നല്ല അന്തരീക്ഷമാണെന്നും സൗദ് ഷക്കീൽ വ്യക്തമാക്കി.
നാളെ മുൾട്ടാനിലാണ് ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള ആദ്യ ടെസ്റ്റ് ആരംഭിക്കുക. പരമ്പരയിൽ മൂന്ന് ടെസ്റ്റുകളാണുള്ളത്. ബംഗ്ലാദേശിനെതിരെ സ്വന്തം മണ്ണിൽ 2-0ത്തിന് ടെസ്റ്റ് പരമ്പര നഷ്ടമായതിന്റെ ക്ഷീണത്തിലാണ് പാകിസ്താൻ. ഷാൻ മസൂദ് നായകനായ ശേഷം മത്സരിച്ച അഞ്ച് ടെസ്റ്റുകളിലും പാകിസ്താൻ പരാജയപ്പെട്ടു. ഇംഗ്ലണ്ടിനെതിരെ സ്വന്തം മണ്ണിൽ പുതിയ തുടക്കമാണ് പാകിസ്താൻ ലക്ഷ്യമിടുന്നത്. നിലവിൽ ആദ്യ ടെസ്റ്റിനുള്ള ടീമിനെ മാത്രമാണ് പാകിസ്താൻ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുള്ള പാകിസ്താൻ ടീം: ഷാൻ മസൂദ് (ക്യാപ്റ്റൻ), സൗദ് ഷക്കീൽ (വൈസ് ക്യാപ്റ്റൻ), ആമിർ ജമാൽ, അബ്ദുള്ള ഷെഫീക്ക്, അബ്രാർ അഹമ്മദ്, ബാബർ അസം, മിർ ഹംസ, മുഹമ്മദ് ഹുരൈര, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ), നസീം ഷാ, നോമാൻ അലി, സയീം അയൂബ്, സൽമാൻ അലി ആഗ, സർഫ്രാസ് അഹമ്മദ് (വിക്കറ്റ് കീപ്പർ), ഷഹീൻ ഷാ അഫ്രീദി.
Content Highlights: Babar leaving white ball captaincy does not affect Pakistan Dressing Room