'കോഹ്‍ലിയുടെ നായക മികവ് ചില താരങ്ങളുടെ പ്രകടനങ്ങളിൽ മാറ്റമുണ്ടാക്കി'; ഹർഭജൻ സിങ്

2016ലാണ് എം എസ് ധോണിയുടെ പിൻഗാമിയായി കോഹ്‍ലി ആദ്യമായി ഇന്ത്യൻ നായകനാകുന്നത്

dot image

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയുടെ നായക മികവിനെ പ്രശംസിച്ച് മുൻ താരം ഹർഭജൻ സിങ്. ശുഭ്മൻ ഗില്ലിന്റെയും റിഷഭ് പന്തിന്റെയും പ്രകടനങ്ങളിൽ കോഹ്‍ലിയുടെ നായക മികവ് മാറ്റമുണ്ടാക്കി. 2021ൽ ​ഗാബയിൽ ഓസ്ട്രേലിയയ്ക്കെതിരെ അവസാന നിമിഷം വരെ ഇവർക്ക് പോരാടാൻ കഴിഞ്ഞത് അന്ന് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്ന വിരാട് കോഹ്‍ലി നൽകിയ പ്രചോദനമാണ്. കോഹ്‍ലിയുടെ പോരാട്ടവീര്യവും കഠിനാദ്ധ്വാനവും മറ്റെല്ലാ താരങ്ങളെയും മികച്ച രീതിയിൽ സ്വാധീനിച്ചിരുന്നുവെന്ന് ഹർഭജൻ പറയുന്നു.

വിരാട് കോഹ്‍ലിയുടെ കീഴിൽ ഐസിസി കിരീടങ്ങൾ നേടിയിട്ടുണ്ടാവില്ല. അതുകൊണ്ട് കോഹ്‍ലി ഒരിക്കലും ഒരു മോശം താരമോ മോശം ക്യാപ്റ്റനോ ആകുന്നില്ല. ടെസ്റ്റ് ക്രിക്കറ്റിൽ നാലാം ഇന്നിം​ഗ്സിൽ 400 എന്ന ലക്ഷ്യം ഒരു ടീമിന് പലപ്പോഴും നേടിയെടുക്കാൻ കഴിഞ്ഞേക്കില്ല. എന്നാൽ അത്തരമൊരു ലക്ഷ്യത്തിന് മുന്നിൽ ഇന്ത്യൻ ടീം ഭയപ്പെടുകയില്ല. അപ്പോൾ വിജയം സ്വന്തമാക്കാനാണ് വിരാട് കോഹ്‍ലിയുടെ സംഘം ശ്രമിച്ചിരുന്നതെന്നും ഹർഭജൻ സിങ് വ്യക്തമാക്കി.

2016ലാണ് എം എസ് ധോണിയുടെ പിൻഗാമിയായി കോഹ്‍ലി ആദ്യമായി ഇന്ത്യൻ നായകനാകുന്നത്. 68 ടെസ്റ്റ് മത്സരങ്ങളിൽ കോഹ്‍ലി ഇന്ത്യയെ നയിച്ചു. 40ലും വിജയം നേടി. 15 മത്സരങ്ങൾ വിദേശ മണ്ണിലായിരുന്നു വിജയിച്ചത്. 24 ടെസ്റ്റ് പരമ്പരകളിൽ കോഹ്‍ലി ഇന്ത്യൻ നായകനായി. അതിൽ 18ലും വിജയിച്ചു. ഇക്കാലയളവിൽ 5,703 റൺസ് നേടാനും കോഹ്‍ലിക്ക് സാധിച്ചു.

95 ഏകദിന മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോഹ്‍ലി 65ലും വിജയം നേടിത്തന്നു. 2017ലെ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനൽ കളിച്ചതും 2019 ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിൽ എത്തിയതുമാണ് കോഹ്‍ലിയുടെ കീഴിൽ ഇന്ത്യൻ ടീമിന്റെ നേട്ടങ്ങൾ. ട്വന്റി 20യിൽ 50 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോഹ്‍ലി 39 വിജയങ്ങൾ നേടിനൽകി. മികച്ച വിജയശതമാനം ഉണ്ടായിരുന്നിട്ടും 2021ൽ കോഹ്‍ലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ബിസിസിഐ പുറത്താക്കി. ഐസിസി ടൂർണമെന്റുകളിൽ നിർണായക മത്സരങ്ങളിൽ പരാജയപ്പെട്ട് പുറത്താകുന്നതായിരുന്നു കാരണം.

ആക്രമണ ശൈലിയിലുള്ള കോഹ്‍ലിയുടെ നേതൃത്വവും ഇന്ത്യൻ ടീമിനുള്ളിൽ പ്രതിസന്ധികൾ സൃഷ്ടിച്ചു. 2017ൽ ഇന്ത്യൻ പരിശീലകനായിരുന്ന അനിൽ കുംബ്ലെയുമായുള്ള അഭിപ്രായഭിന്നതകൾ ഇന്ത്യൻ ക്രിക്കറ്റിന്റെ ഡ്രെസ്സിംഗ് റൂമിന് പുറത്തേയ്ക്കുവന്നു. പിന്നാലെ അനിൽ കുംബ്ലെയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയായിരുന്നു.

Content Highlights: Harbhajan Singh praises Virat Kohli's captaincy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us