ടി20 വനിതാ ലോകകപ്പിലെ ആദ്യമത്സരത്തിൽ ന്യൂസിലാൻഡിനോട് 58 റൺസിന്റെ തോൽവിയേറ്റ് വാങ്ങിയെങ്കിലും രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെതിരെ മിന്നും ജയത്തോടെ ടൂർണമെന്റിലെ തങ്ങളുടെ ആദ്യപോയിന്റ് നേടിയിരിക്കുകയാണ് ടീം ഇന്ത്യ. ഇന്ത്യയുടെ വിജയത്തിനിടയിലും ടീമിന് അടിയായി മാറിയത് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ പരിക്കാണ്. ഇന്ത്യൻ വിജയത്തിനരികിൽ വെച്ച് പരിക്കേറ്റ് ഹർമന് ഗ്രൗണ്ടും വിടേണ്ടി വന്നു.
മൂന്നാം നമ്പറിലാണ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഇത്തവണ ബാറ്റ് ചെയ്യാനായി ഇറങ്ങിയത്. മികച്ച രീതിയിൽ ബാറ്റ് ചെയ്ത കൗർ ക്യാപ്റ്റനു ചേർന്ന ഇന്നിങ്സാണ് കാഴ്ചവെച്ചത്. 24 പന്തിൽ 29 റൺസുമായി ടീമിനെ വിജയത്തിലേക്ക് നയിക്കും എന്ന ഘട്ടത്തിലാണ് ഹർമന് പരിക്കേൽക്കുന്നത്. ആ സമയത്ത് 16 പന്തിൽ 2 റൺസായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ നിദ ദർ എറിഞ്ഞ ഓവറിൽ രണ്ട് ഡോട്ട് ബോളുകൾ വീണതോടെ ഒരു സിംഗിളെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഹർമന് പരിക്കേൽക്കുന്നത്. പന്ത് കണക്ട് ചെയ്യാനാവാതെ നിന്നപ്പോൾ സ്റ്റംപിങ് തടയാനായി ക്രീസിലേക്ക് എത്താൻ ശ്രമിക്കുന്നതിനിടെയാണ് കൗറിന്റെ ബാലൻസ് തെറ്റുന്നത്. ആ സമയത്താണ് അവരുടെ കഴുത്തിന് പരിക്കേൽക്കുന്നത്.
പിന്നീട് വിജയറൺസ് കുറിക്കാനാവാതെ കണ്ണീരോടെ മടങ്ങുകയായിരുന്നു ഹർമൻ പ്രീത് കൗർ. ബിസിസിഐ ഇതുവരെയും ഹർമന്റെ പരിക്കിനെക്കുറിച്ച് ഔദ്യോഗിക കുറിപ്പൊന്നും പുറപ്പെടുവിച്ചിട്ടില്ല. വരാനിരിക്കുന്ന ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തിൽ ഹർമന്റെ സേവനം ഇന്ത്യയ്ക്ക് അത്യാവശ്യമാണ്. മത്സരശേഷവും ഹർമന് പകരം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയാണ് പത്രസമ്മേളനത്തിനെത്തിയത്. ഹർമന്റെ പരിക്കുമായി ബന്ധപ്പെട്ട ചോദ്യമുയർന്നപ്പോൾ മെഡിക്കൽ ടീം പരിശോധിക്കുകയാണ്. അവൾ സുഖമാവുമെന്ന് കരുതുന്നു എന്ന മറുപടിയാണ് സ്മൃതി പറഞ്ഞത്.
ഏതായാലും അടുത്ത മത്സരങ്ങളിൽ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ കളിക്കുന്നില്ലെങ്കിൽ ഇന്ത്യയ്ക്കത് കനത്ത തിരിച്ചടി തന്നെയായിരിക്കും.