ബംഗ്ലാദേശിനെതിരെ ഇന്ത്യ 7 വിക്കറ്റിനു വിജയിച്ചപ്പോൾ ബാറ്റിങ്ങിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഹാർദിക് പാണ്ഡ്യയുടെ പ്രകടനമായിരുന്നു. ബാറ്റെടുത്തപ്പോൾ ഹാർദിക് തനിക്ക് മാത്രം സാധ്യമാവുന്ന ചില മനോഹരഷോട്ടുകളോടെ കളം വാഴുകയും ചെയ്തു. ഇന്ത്യയുടെ വിജയമുറപ്പിച്ചാണ് ഹാർദിക് ബാറ്റ് വീശിയത്. 16 പന്തിൽ പുറത്താവാതെ 39 റൺസാണ് ഹാർദിക് നേടിയത്. ഇതിൽ 2 സിക്സറുകളും 5 ബൗണ്ടറികളും ഉൾപ്പെടും. ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു നോ ലുക്ക് ഷോട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം രോഹിത്തിന്റെ പിൻഗാമിയായി ഹാർദിക് ഇന്ത്യയുടെ പുതിയ ടി20 നായകനായി അവരോധിക്കപ്പെടും എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. ആ ലോകകപ്പിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നു ഹാർദിക്. എന്നാൽ പുതിയ കോച്ചായി ഗൗതം ഗംഭീർ വന്നതിനു ശേഷം ബിസിസിഐ എടുത്ത സർപ്രൈസ് നീക്കമായിരുന്നു ഹാർദിക്കിനെ മാറ്റി സൂര്യകുമാർ യാദവിനെ ക്യാപ്റ്റനായി നിയമിച്ചത്. ആ സമയത്ത് അത് വിവാദമായെങ്കിലും അതിനെക്കുറിച്ചൊന്നും ഇതുവരെയും ഹാർദിക് പ്രതികരിച്ചിരുന്നില്ല.
ഇപ്പോൾ ക്യാപ്റ്റൻസിയുടെ ഭാരമില്ലാതെ കളി ആസ്വദിക്കുന്ന ഹാർദിക്കിനെയാണ് നമുക്ക് കാണാൻ കഴിയുന്നത്. ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യിലും അനായാസമായി റൺസ് അടിച്ചെടുത്ത് തനിക്ക് നൽകിയ ഉത്തരവാദിത്തം ഹാർദിക് ഭംഗിയായി പൂർത്തിയാക്കുകയായിരുന്നു.
No look shot by Hardik pandya🔥
— jackpopuri (@jackpopuri1717) October 6, 2024
Swag level on this shot.#Hardikpandya pic.twitter.com/4vTio9ByZd
പന്ത്രണ്ടാം ഓവർ എറിയാനെത്തിയ ടസ്കിൻ അഹമ്മദിനെതിരെ ഹാർദിക് നേടിയ ഒരു ബൗണ്ടറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയം. ആ ഓവറിലെ മൂന്നാം പന്തിൽ ബൗൺസറിന് ശ്രമിച്ച ടസ്കിന്റെ പന്തിനെ ഹാർദിക് വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ ബാറ്റ് വെച്ച് ബൗണ്ടറി കടത്തുമ്പോൾ ആ ഷോട്ടിന് അത്രയും ആധികാരികതയുണ്ടായിരുന്നു. ബോളറെയോ പന്തിനെയോ നോക്കാതെ ഒരു തരം നോ ലുക്ക് ഷോട്ടായിരുന്നു അത്. അടുത്ത പന്തിലും ഹാർദിക് വ്യത്യസ്ത ഷോട്ടിലൂടെ ബൗണ്ടറി കടത്തി. ഇത്തവണ ഹാർദികിന്റെ കൈയ്യിൽ നിന്ന് ബാറ്റും തെറിച്ചുപോയിരുന്നു. പിന്നീടുള്ള പന്ത് സിക്സറടിച്ചായിരുന്നു ഹാർദിക് കളി അവസാനിപ്പിച്ചത്. ഇതോടെ ആദ്യം ബാറ്റ് ചെയ്ത് 127 റൺസടിച്ച ബംഗ്ലാ സ്കോറിനെ 132 റൺസടിച്ച് ഇന്ത്യ മറികടക്കുകയായിരുന്നു.
Content Highlights: IND vs BAN 1st T20I: Hardik Pandya's No look shot becomes viral