ഹിന്ദു മഹാസഭയുടെ ഭീഷണി; ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി20 മത്സരത്തിന് ഗ്വാളിയോറിൽ കനത്ത സുരക്ഷ

ഗ്വാളിയോറിലെ മാധവ റാവു സിന്ധ്യ സ്റ്റേഡിയത്തിലാണ് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് അരങ്ങേറുന്നത്

dot image

ഗ്വാളിയോർ: മധ്യ​പ്രദേശിലെ ഗ്വാളിയോറിൽ ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി20 മത്സരത്തിന് കനത്ത സുരക്ഷ. മത്സരം ഉപേക്ഷിക്കണമെന്ന് ഹിന്ദു മഹാസഭ ഭീഷണി മുഴക്കിയ സാഹചര്യത്തിലാണ് തീരുമാനം. ബംഗ്ലാദേശിൽ ഹിന്ദു മതവിഭാഗക്കാരെ ആക്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടനയുടെ പ്രതിഷേധം. മത്സരത്തിന്റെ സുരക്ഷക്കായി 2,500 ലേറെ പൊലീസുകാരെയാണ് സ്റ്റേഡിയത്തിൽ വിന്യസിച്ചിരിക്കുന്നത്.

ഗ്വാളിയോറിലെ മാധവ റാവു സിന്ധ്യ സ്റ്റേഡിയത്തിലാണ് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് അരങ്ങേറുന്നത്. രാത്രി ഏഴിനാണ് മത്സരം. 14 വർഷത്തിന് ശേഷമാണ് ഗ്വാളിയോർ ഒരു അന്താരാഷ്ട്ര മത്സരത്തിന് വേദിയാകുന്നത്. നേരത്തെ ഹിന്ദു മഹാസഭ നേതാക്കൾ മത്സരം നടക്കുന്ന ദിവസം ‘ഗ്വാളിയോർ ബന്ദ്’ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഒക്ടോബർ രണ്ടിന് ഹിന്ദുമഹാസഭ ഗ്വാളിയോറിൽ ഒരു പ്രതിഷേധ റാലിയും സംഘടിപ്പിച്ചിരുന്നു. മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി ​ജില്ലാ കോടതി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 7വരെ പ്രദേശത്ത് നിരോധനാജ്ഞ തുടരും. നേരത്തേ ഇന്ത്യ-ബംഗ്ലദേശ് ടെസ്റ്റ് മത്സരത്തിനിടെ ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് നീതി നൽകണമെന്നാവശ്യപ്പെട്ട് സ്റ്റേഡിയത്തിൽ ബാനറുകൾ ഉയർന്നിരുന്നു.

അതേ സമയം ശ്രീലങ്കയ്‌ക്കെതിരെയുള്ള പരമ്പര തൂത്തുവാരിയ സൂര്യകുമാർ യാദവും സംഘവും ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയും നേടി നേട്ടം ആവർത്തിക്കാനുള്ള ശ്രമത്തിലാണ്. ടെസ്റ്റ് പരമ്പര കൈവിട്ടതിന്റെ നാണക്കേട് മറികടക്കാനാണ് നജ്മുൽ ഹുസൈന് കീഴിലുള്ള ബംഗ്ലാദേശ് ഇറങ്ങുന്നത്. പരമ്പരയിലെ ഒന്നാം വിക്കറ്റ് കീപ്പറായ സഞ്ജു സാംസൺ ഓപണറായെത്തുമെന്ന സൂചന പരിശീലകൻ ഗൗതം ഗംഭീറും നായകൻ സൂര്യകുമാർ യാദവും ഇതിനകം നൽകിയിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ച 15 അംഗ ടീമിൽ സ്‌പെഷലിസ്റ്റ് ഓപണറായി അഭിഷേക് ശർമയെ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അഭിഷേക് ശർമയെ പിന്തുണയ്ക്കാൻ മറ്റൊരു താരവും ഇല്ലാത്തതിനാലാണ് ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഓപണിങ്ങിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച സഞ്ജു സാംസണെ പരിഗണിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരെയായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓപണറായും രണ്ടാം മത്സരത്തിൽ മൂന്നാമനായും എത്തിയ സഞ്ജുവിന് പക്ഷെ അക്കൗണ്ട് തുറക്കാനായിരുന്നില്ല. ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം കാഴ്ച വെച്ച് ഗംഭീര തിരിച്ചുവരവ് നടത്താനാണ് മലയാളി താരത്തിന്റെ ശ്രമം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us