തന്റെ കരിയറിൽ വന്ന പോസിറ്റീവായ മാറ്റങ്ങൾക്ക് കാരണം രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ സഞ്ജു സാംസണാണെന്ന് പേസര്‍ സന്ദീപ് ശര്‍മ. 2023ലെ എപിഎല്‍ താരലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്നപ്പോള്‍ പ്രസീദ് കൃഷ്ണയുടെ പകരക്കാരനായി താന്‍ രാജസ്ഥാന്‍ ടീമിലെത്താന്‍ കാരണമായത് സഞ്ജുവാണെന്ന് സന്ദീപ് തുറന്നുപറഞ്ഞു.
'എന്നെ സഞ്ജു ഫോണില്‍ വിളിച്ചിരുന്നു. അദ്ദേഹം എന്നോട് ഒരുപാട് സംസാരിച്ചു. ഒരുപാട് പോസിറ്റീവായ കാര്യങ്ങള്‍ പറഞ്ഞു. ലേലത്തില്‍ എന്നെ ആരും എടുക്കാതിരുന്നത് സഞ്ജുവിനും വിഷമമായി എന്നും പറഞ്ഞു. എന്നില്‍ വിശ്വാസമുണ്ടെന്നും എനിക്ക് ഉറപ്പായും അവസരം ലഭിക്കുമെന്നും പറഞ്ഞു. സീസണില്‍ രാജസ്ഥാന്‍ ഉള്‍പ്പടെ എല്ലാ ടീമിലും പരിക്ക് അലട്ടുന്നുണ്ടെന്നും ഈ സീസണില്‍ തന്നെ എനിക്ക് അവസരം ലഭിക്കുമെന്നും സഞ്ജു പറഞ്ഞു', സന്ദീപ് തരുവർ കോഹ്ലിയുമായുള്ള പോഡ്കാസ്റ്റില്‍ വെളിപ്പെടുത്തിയത് ഇങ്ങനെ.
'ആ സമയത്ത് സഞ്ജു മാത്രമാണ് എന്നോട് അത്രയും പോസിറ്റീവായി സംസാരിച്ചത്. അത് എന്നെ വളരെയധികം സഹായിച്ചു. പിന്നീട് അദ്ദേഹം എന്നെ റോയല്‍സ് ക്യാമ്പിലേക്ക് വിളിച്ചു. പ്രസിദ്ധിന് പരിക്കേറ്റതോടെ എനിക്ക് രാജസ്ഥാന്‍ സ്‌ക്വാഡില്‍ ഇടം ലഭിച്ചു. അതിനുശേഷം എല്ലാ മത്സരവും ഞാന്‍ ആസ്വദിച്ചാണ് കളിച്ചത്', സന്ദീപ് കൂട്ടിച്ചേര്‍ത്തു.
2023ല്‍ പകരക്കാരനായി റോയല്‍സിലെത്തിയ സന്ദീപ് 23 മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റുകളാണ് വീഴ്ത്തിയത്. 2024 സീസണിലുടനീളം രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി നിര്‍ണായക പ്രകടനം കാഴ്ച വെക്കാന്‍ സന്ദീപ് ശർമയ്ക്ക് സാധിച്ചിരുന്നു. ആ സീസണിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ പരാജയം വഴങ്ങിയെങ്കിലും നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത് സന്ദീപ് ശര്‍മയാണ്. സണ്‍റൈസേഴ്‌സിനെതിരെ നാല് ഓവറുകള്‍ പന്തെറിഞ്ഞ സന്ദീപ് കേവലം 25 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അന്ന് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്. 11 വിക്കറ്റുകൾ കഴിഞ്ഞ ഐ പി എൽ സീസണിൽ സന്ദീപ് ശർമ വീഴ്ത്തുകയും ചെയ്തു.
Content Highlights: Sandeep Sharma credited Sanju Samson for reviving his IPL career after going unsold in 2023