ഇന്ത്യൻ ക്രിക്കറ്റ് യുവപേസർ മായങ്ക് യാദവിനെ പ്രശംസിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ബംഗ്ലാദേശിനെതിരായ ഒന്നാം ട്വന്റി 20യ്ക്ക് മുമ്പായാണ് ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം. 'മായങ്ക് ഇന്ത്യൻ ടീമിലെ എക്സ് ഫാക്ടറാണ്. നെറ്റ്സിൽ ഞാൻ മായങ്കിനെ അധികം നേരിട്ടിട്ടില്ല. എങ്കിലും മായങ്കിന് മത്സരത്തെ എത്രമാത്രം സ്വാധീനിക്കാൻ കഴിയുമെന്ന് എനിക്കറിയാം.' യുവപേസറെക്കുറിച്ച് സൂര്യകുമാർ പറയുന്നത് ഇങ്ങനെ.
ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20യിൽ മായങ്ക് കളിക്കുമോയെന്ന കാര്യത്തിൽ സൂര്യകുമാർ വ്യക്തത വരുത്തിയില്ല. 'ടീമിനെക്കുറിച്ച് ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. മത്സരത്തിനെ കുറിച്ച് 15 മിനിറ്റ് ചോദിക്കുകയാണെങ്കിൽ ഞാൻ ടീമിനെ മുഴുവനായി പറയാം. മായങ്കിന് അധിക പേസുണ്ട്. കൃത്യമായി മായങ്കിനായി പദ്ധതികൾ തയ്യാറാക്കും.' സൂര്യകുമാർ യാദവ് വ്യക്തമാക്കി.
അതിനിടെ ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20യിൽ അഭിഷേക് ശർമയ്ക്കൊപ്പം മലയാളി താരം സഞ്ജു സാംസൺ ഓപണറാകുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അറിയിച്ചു. ടോപ് ഓഡറിൽ ബാറ്റ് ചെയ്തുള്ള അനുഭവ സമ്പത്താണ് സഞ്ജുവിന് ഗുണമായത്. മുംബൈയ്ക്കായി ആഭ്യന്തര ക്രിക്കറ്റിൽ സൂര്യകുമാർ ഓപണറായിട്ടുണ്ടെങ്കിലും ഇന്ത്യൻ ടീമിൽ താരം മധ്യനിരയിൽ മാത്രമാണ് കളിച്ചിട്ടുള്ളത്.
ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി, തിലക് വർമ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), അർഷ്ദീപ് സിങ്, ഹാർഷിത് റാണ, മായങ്ക് യാദവ്.
Content Highlights: Suryakumar Yadav says Mayank Yadav is the 'X' factor in Indian Team