ബംഗ്ലാദേശിനെതിരായ ആദ്യ ടി20യിൽ പന്തുകൊണ്ട് തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഇന്ത്യയുടെ യുവപേസർ മായങ്ക് യാദവിനെ വാനോളം പുകഴ്ത്തി അർഷ്ദീപ് സിങ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ നിർണായക പ്രകടനം പുറത്തെടുക്കാൻ മായങ്കിന് സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മായങ്കിന്റെ പ്രകടനത്തെ പ്രശംസിച്ച് പേസർ അർഷ്ദീപ് രംഗത്തെത്തിയത്.
'മത്സരത്തിൽ എല്ലാ ബൗളർമാരും ബോൾ ചെയ്ത രീതി എന്നെ ഒരുപാട് ആവേശത്തിൽ ആക്കിയിരിക്കുകയാണ്, പ്രത്യേകിച്ച് മായങ്ക് യാദവ്. അവന്റെ പേസുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ എറിയാറുള്ള പന്തുകൾ പോലും വളരെ വേഗത കുറഞ്ഞ പന്തുകളായി തോന്നിപ്പോയി', മത്സരശേഷം സംസാരിക്കവേ അർഷ്ദീപ് പറഞ്ഞു.
തന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വരവ് ഒരു മെയ്ഡനോടെ ആരംഭിച്ച മായങ്ക് തന്റെ രണ്ടാം ഓവറിൽ ആദ്യ വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിൽ നാല് ഓവറുകൾ പന്തെറിഞ്ഞ മായങ്ക് 21 റൺസ് മാത്രം വിട്ട് നൽകിയാണ് ഒരു വിക്കറ്റ് സ്വന്തമാക്കിയത്. മത്സരത്തിൽ തുടർച്ചയായി 140 കിലോമീറ്റർ സ്പീഡിന് മുകളിൽ പന്തെറിയാൻ മായങ്ക് യാദവിന് സാധിച്ചിരുന്നു.
മായങ്കിനൊപ്പം മികച്ച ബോളിംഗ് പ്രകടനം തന്നെയാണ് അർഷദീപ് സിംഗും മത്സരത്തിൽ കാഴ്ചവച്ചത്. മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കിയ അർഷ്ദീപാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
Arshdeep Singh becomes the Player of the Match for his economical three-wicket haul 👏👏
— BCCI (@BCCI) October 6, 2024
Scorecard - https://t.co/Q8cyP5jXLe#TeamIndia | #INDvBAN | @IDFCFIRSTBank pic.twitter.com/MphxyzdHsn
ബംഗ്ലാദേശിനെതിരായ ഒന്നാം ട്വന്റി 20യിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 19.5 ഓവറിൽ 127 റൺസിൽ എല്ലാവരും പുറത്തായി. മായങ്കിനെ കൂടാതെ അർഷ്ദീപ് സിങ്ങും വരുൺ ചക്രവർത്തിയും ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ 11.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 14 പന്തിൽ 29, സഞ്ജു സാംസൺ 19 പന്തിൽ 29, ഹാർദ്ദിക്ക് പാണ്ഡ്യ 16 പന്തിൽ പുറത്താകാതെ 39 എന്നിവരാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.
Content Highlights: Arshdeep Singh in awe of Mayank Yadav's debut spell in IND vs BAN 1st T20I