വനിതാ ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏഴ് വിക്കറ്റിന്റെ വമ്പൻ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. നാലാമനായി ഇറങ്ങി 36 പന്തിൽ 6 ഫോറുകളടക്കം 48 റൺസ് നേടി പുറത്താകാതെ നിന്ന നാറ്റ് സൈവർ ബ്രണ്ടാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്. നാറ്റിന് പുറമെ ഓപ്പണർ ഡാനി വൈറ്റ് 43 പന്തിൽ നാല് ഫോറുകളടക്കം 43 റൺസ് നേടിയിരുന്നു.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നാല് പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ദക്ഷിണാഫ്രിക്കൻ നിരയിൽ ഓപ്പണറായ ക്യാപ്റ്റൻ ലോറ മാത്രമാണ് മികച്ചു കളിച്ചത്. 39 പന്തിൽ മൂന്ന് ഫോറുകളടക്കം 42 റൺസാണ് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ നേടിയത്. ഇംഗ്ലണ്ടിന്റെ സ്പിൻ ബൗളിങ് കൂട്ടുകെട്ടാണ് ചുരുങ്ങിയ സ്‌കോറിൽ പ്രോട്ടീസ് പടയെ തളച്ചത്. സോഫി എക്കൽസ്റ്റോൺ രണ്ട് വിക്കറ്റും സാറാ ഗ്ലെൻ, ലിൻസി സ്മിത്ത്, ചാർളി ഡീൻ എന്നിവർ ഓരോ വിക്കറ്റും നേടി.
ഇതോടെ രണ്ട് മത്സരങ്ങളിൽ രണ്ട് വിജയവുമായി ഇംഗ്ലണ്ട് ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തെത്തി. നേരത്തെ വെസ്റ്റ് ഇൻഡീസിനെ പത്ത് വിക്കറ്റിന് തോൽപ്പിച്ച ദക്ഷിണാഫ്രിക്ക ഈ തോൽവിയോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവും തോൽവിയുമായി ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്തെത്തി.