ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ വിജയാഘോഷം വീണ്ടും ലോകവേദിയിൽ തരംഗമാകുന്നു. ഇത്തവണ കരീബിയൻ പ്രീമിയർ ലീഗ് കിരീടം നേടിയ സെന്റ് ലൂസിയ കിങ്സിന്റെ നായകൻ ഫാഫ് ഡു പ്ലെസിസാണ് ഇതിഹാസ താരത്തിന്റെ ആഘോഷം അനുകരിച്ചത്. ഫൈനലിൽ ഗയാന അമസോൺ വാരിയേഴ്സിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് സെന്റ് ലൂസിയ കിങ്സ് കപ്പുയർത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗയാന 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 18.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ സെന്റ് ലൂസിയ കിങ്സ് ലക്ഷ്യം മറികടന്നു. പിന്നാലെ മന്ദം മന്ദം കപ്പിനരികിലേക്ക് നടക്കുന്ന ഫാഫ് ഡു പ്ലെസിയുടെ ആഘോഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
2021ലെ കോപ്പ അമേരിക്ക കിരീട നേട്ടത്തിന് ശേഷമാണ് ലയണൽ മെസ്സി ആദ്യമായി ഇത്തരമൊരു ആഘോഷം നടത്തിയത്. പിന്നാലെ 2022ലെ ഫൈനലിസിമ കിരീട നേട്ടത്തിന് ശേഷവും 2023ലെ ഫിഫ ലോകകപ്പ് വിജയത്തിന് പിന്നാലെയും മെസ്സി ഈ ആഘോഷം പുനസൃഷ്ടിച്ചിരുന്നു. ഇതോടെ സൂപ്പർതാരത്തിന്റെ ആഘോഷം ലോക വേദികളിൽ ഏറ്റെടുക്കപ്പെട്ടു.
A euphoric moment for the Saint Lucia Kings! 🇱🇨 #CPL24 #CPLFinals #SLKvGAW #CricketPlayedLouder #BiggestPartyInSport pic.twitter.com/fQZSG3C4WV
— CPL T20 (@CPL) October 7, 2024
2024ലെ ഐപിഎൽ കിരീടം നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ ശ്രേയസ് അയ്യർ മെസ്സിയുടെ ഐതിഹാസിക ആഘോഷം പുനസൃഷ്ടിക്കുന്ന ആദ്യ നായകനായി. പിന്നാലെ ട്വന്റി 20 ലോകകപ്പ് നേട്ടത്തിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും മെസ്സിയെ അനുകരിച്ചു. റെസലിംഗ് ഇതിഹാസം റിക്ക് ഫ്ലെയറെയാണ് രോഹിത് അനുകരിച്ചതെന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അന്ന് പറഞ്ഞിരുന്നതെങ്കിലും എന്നാൽ കടുത്ത മെസ്സി ആരാധകനായ കുൽദീപ് യാദവ് നൽകിയ നിർദ്ദേശം അർജന്റീനൻ നായകനെ അനുകരിക്കാൻ ആണെന്നായിരുന്നു ആരാധകരുടെ അവകാശ വാദം.
Content Highlights: Faf Du Plessis recreated Lionel Messi's iconic celebration