അഭിഷേകിന് വില്ലനായത് സഞ്ജുവോ? റണ്ണൗട്ടില്‍ സഞ്ജുവിനെതിരെ ഒളിയമ്പുമായി ആരാധകർ

ഏഴ് പന്തില്‍ 16 റണ്‍സെടുത്ത് ഫോമില്‍ നില്‍ക്കുകയായിരുന്ന അഭിഷേക് പുറത്തായതിന് കാരണക്കാരന്‍ സഞ്ജുവാണെന്നാണ് ചില ആരാധകരുടെ ആരോപണം.

dot image

ബംഗ്ലാദേശിനെതിരായ ആദ്യ ടി20 മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ച വെച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യയുടെ ഏഴ് വിക്കറ്റ് വിജയത്തിലേക്ക് അടിത്തറ പാകിയ ഇന്നിങ്സായിരുന്നു ഓപണറായി ഇറങ്ങിയ സഞ്ജുവിന്റേത്. ബാറ്റിങ്ങില്‍ മാത്രമല്ല, വിക്കറ്റ് കീപ്പിങ്ങിലും മിന്നും പ്രകടനം പുറത്തെടുത്ത സഞ്ജുവിന്റെ തിരിച്ചുവരവിനാണ് ഗ്വാളിയോറില്‍ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. എന്നാല്‍ സഞ്ജുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമർശനങ്ങളും ഇപ്പോൾ വന്നിട്ടുണ്ട്.

ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ റണ്ണൗട്ടിന്റെ പേരിലാണ് സഞ്ജുവിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരുന്നത്. ചെയ്‌സിങ്ങില്‍ പാകിസ്താന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപണിങ് സഖ്യമായി സഞ്ജുവിനൊപ്പം ഇറങ്ങിയ അഭിഷേക് തുടക്കം മുതല്‍ ആക്രമിച്ചാണ് കളിച്ചത്.

രണ്ടാം ഓവറിലെ അവസാന പന്തില്‍ അഭിഷേകിന് റണ്ണൗട്ടായി മടങ്ങേണ്ടിവന്നു. അതിവേഗം സ്‌കോര്‍ ഉയര്‍ത്തുമെന്ന് തോന്നിപ്പിച്ച സമയത്തായിരുന്നു സഞ്ജുവുമായുള്ള ആശയക്കുഴപ്പത്തിൽ താരം റണ്ണൗട്ടാകുന്നത്. ഏഴ് പന്തില്‍ 16 റണ്‍സെടുത്ത് ഫോമില്‍ നില്‍ക്കുകയായിരുന്ന അഭിഷേക് പുറത്തായതിന് കാരണക്കാരന്‍ സഞ്ജുവാണെന്നാണ് ചില ആരാധകരുടെ ആരോപണം.

പേസര്‍ ടസ്‌കിന്‍ അഹമ്മദെറിഞ്ഞ പന്ത് സഞ്ജുവാണ് നേരിട്ടത്. ആംഗിള്‍ ചെയ്ത് അകത്തേക്ക് വന്ന പന്ത് ഷോര്‍ട്ട് മിഡ് വിക്കറ്റ് ഏരിയയിലേക്ക് സഞ്ജു അടിക്കുകയും ചെയ്തു. സിംഗിളിനായി രണ്ടടി മുന്നോട്ട് വെച്ച സഞ്ജു പിന്നീട് അപകടം മനസ്സിലാക്കി ഇത് വേണ്ടെന്ന് വെക്കുന്നു.

എന്നാല്‍ ക്രീസിന്റെ മറുവശത്ത് അഭിഷേക് അപ്പോഴേക്കും സിംഗിളിനായി അല്‍പ്പദൂരം മുന്നോട്ട് ഓടിയെത്തിയിരുന്നു. സഞ്ജു പിന്നോട്ട് ഓടിയതോടെ അഭിഷേക് ആശയക്കുഴപ്പത്തിലായി. അഭിഷേക് ഉടനെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് ഓടിയെങ്കിലും ക്രീസിലെത്തുന്നതിനു മുമ്പേ തൗഹിദ് ഹൃദോയ് കുറ്റി തെറിപ്പിച്ചിരുന്നു. ക്രീസ് വിടുന്ന അഭിഷേകിനെ നിരാശയോടെ നോക്കി നില്‍ക്കാന്‍ മാത്രമാണ് സഞ്ജുവിന് സാധിച്ചത്.

ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയില്‍ സഞ്ജുവിനെ കുറ്റപ്പെടുത്തി ആരാധകര്‍ രം​ഗത്തെത്തിയത്. സിംഗിളിന് യാതൊരു സാധ്യതയും ഇല്ലാത്ത പന്തില്‍ എന്തിനാണ് സഞ്ജു അങ്ങനെ ശ്രമിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അഭിഷേക് ശര്‍മ പുറത്തായതല്ല, സഞ്ജു സാംസണ്‍ ഔട്ടാക്കിയതാണെന്ന് ചിലര്‍ കുറ്റപ്പെടുത്തി.

Content Highlights: Sanju Samson Faces Strong Criticism After Abhishek Sharma gets run out 1st IND vs BAN T20

dot image
To advertise here,contact us
dot image