ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ സനത് ജയസൂര്യയെ ടീമിന്റെ സ്ഥിരം പരിശീലകനായി നിയമിച്ചു. 2026 മാര്‍ച്ച് 31 വരെയുള്ള കരാറില്‍ അദ്ദേഹം ഒപ്പുവെച്ചു. 2026 ടി20 ലോകകപ്പിൻ്റെ അവസാനം വരെയാണ് ശ്രീലങ്കയുടെ ദേശീയ പുരുഷ ടീമിനെ ജയസൂര്യ പരിശീലിപ്പിക്കുക.
Sri Lanka Cricket wishes to announce the appointment of Sanath Jayasuriya as the head coach of the national team.
— Sri Lanka Cricket 🇱🇰 (@OfficialSLC) October 7, 2024
The Executive Committee of Sri Lanka Cricket made this decision taking into consideration the team’s good performances in the recent tours against India, England,… pic.twitter.com/IkvAIJgqio
ജൂലൈ മുതല്‍ ശ്രീലങ്കയുടെ താത്ക്കാലിക പരിശീലകനാണ് ജയസൂര്യ. ജയസൂര്യയുടെ കീഴില്‍ ഇറങ്ങിയ ലങ്കന്‍ ടീം ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരെ നടന്ന പരമ്പരകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ സ്ഥിരം കോച്ചായി നിയമിച്ചതെന്ന് ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയിലൂടെ അറിയിച്ചു.
ട്വന്റി 20 ലോകകപ്പില്‍ ലങ്കന്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ഹെഡ് കോച്ച് ക്രിസ് സില്‍വര്‍വുഡ് രാജിവെച്ചിരുന്നു. ഇതോടെയാണ് ജയസൂര്യയെ താല്‍ക്കാലിക പരിശീലകനായി ലങ്കന്‍ ബോര്‍ഡ് പ്രഖ്യാപിച്ചത്. ഇന്ത്യയ്‌ക്കെതിരായ പരമ്പരയായിരുന്നു കോച്ച് ജയസൂര്യയുടെ ആദ്യ ദൗത്യം.
ടി20 പരമ്പരയില്‍ പരാജയം വഴങ്ങിയെങ്കിലും ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മയെയും സംഘത്തെയും ലങ്ക തോല്‍പ്പിച്ചു. 27 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര ശ്രീലങ്ക സ്വന്തമാക്കിയത്. പിന്നീട് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ വിജയം സ്വന്തമാക്കുകയും ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരുകയും ചെയ്തിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്താനുള്ള സാധ്യതകള്‍ സജീവമാക്കാനും ലങ്കയ്ക്ക് സാധിച്ചു.
Content Highlights: Sri Lanka appoint Sanath Jayasuriya as full-time head coach