'ഇങ്ങനെ കളിക്കാനാണ് ഞങ്ങൾക്കിഷ്ടം'; സഞ്ജുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ സൂര്യകുമാർ യാദവിന്റെ പിന്തുണ

സഞ്ജു തുടങ്ങി വെച്ച വെടിക്കെട്ടാണ് പിന്നീട് ഹർദിക് ഏറ്റെടുത്ത് വിജയിപ്പിച്ചത്

dot image

ഗ്വാളിയർ: ബംഗ്ലദേശിനെതിരായ ഒന്നാം ട്വന്റി20യിൽ ഓപ്പണറായെത്തിയ സഞ്ജു സാംസൺ ഭേദപ്പെട്ട ബാറ്റിങ് പ്രകടനമാണ് നടത്തിയത്. ശ്രീലങ്കയ്ക്കതിരെ മുമ്പ് നടന്ന ടി20 പരമ്പരയിൽ രണ്ട് മത്സരങ്ങളിൽ അവസരം ലഭിച്ചപ്പോൾ രണ്ടിലും അക്കൗണ്ട് തുറക്കാൻ താരത്തിനായിരുന്നില്ല. തുടർന്ന് മോശം പ്രകടനത്തെ ചൊല്ലി ആരാധകരുടെ രൂക്ഷവിമർശനത്തിനും മലയാളി താരം വിധേയനായിരുന്നു. എന്നാൽ ബംഗ്ലാദേശിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ 19 പന്തിൽ ആറ് ഫോറടക്കം 29 റൺസ് നേടാൻ താരത്തിനായി. 150 നും മുകളിലായിരുന്നു സ്ട്രൈക്ക് റേറ്റ്. ഒടുവിൽ സ്പിന്നർ മെഹിദി ഹസന്റെ പന്തിൽ റിഷാദ് ഹുസൈന് ക്യാച്ച് നൽകി മടങ്ങി. സഞ്ജു തുടങ്ങി വെച്ച വെടിക്കെട്ടാണ് പിന്നീട് ഹർദിക് ഏറ്റെടുത്ത് വിജയിപ്പിച്ചത്.

മത്സര ശേഷം തന്റെ പ്രകടനത്തിൽ തൃപ്തനാണെന്ന് പറഞ്ഞ സഞ്ജു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇടുകയും ചെയ്തു. ‘ഈ കളി ഇങ്ങനെ കളിക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം’ എന്ന ക്യാപ്‌ഷനിൽ മത്സരത്തിൽ നിന്നുള്ള വിവിധ ചിത്രങ്ങൾ സഹിതമായിരുന്നു പോസ്റ്റ്. അതേ പോസ്റ്റിന് താഴെ സഞ്ജുവിന്റെ പ്രസ്താവന ശരിവച്ച് ‘അബ്സല്യൂട്ട്‌ലി’ എന്ന കമന്റുമായി ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തന്നെ രംഗത്തെത്തി. അതോടെ സഞ്ജുവിന്റെ പോസ്റ്റ് വൈറൽ കമന്റുകൾ കൊണ്ട് നിറഞ്ഞു.

അതേസമയം, ബം​ഗ്ലാദേശിനെതിരായ ഒന്നാം ട്വന്റി 20യിൽ ഏഴ് വിക്കറ്റിന്റെ വിജയമാണ് സൂര്യകുമാർ യാദവിന്റെ സംഘം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19.5 ഓവറിൽ 127 റൺസിന് ഓൾ ഔട്ടായി. ബം​ഗ്ലാദേശ് ഉയർത്തിയ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. സൂര്യകുമാർ യാദവ് 29 റൺസ്, സഞ്ജു സാംസൺ 29 റൺസ്, ഹാർദ്ദിക്ക് പാണ്ഡ്യ പുറത്താകാതെ 39 റൺസ് എന്നിങ്ങനെ നേടി. 11.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ഒക്ടോബർ ഒമ്പതിന് ഡൽഹിയിൽ നടക്കും.


Content Highlight: discussion on sanju samson instagram post

dot image
To advertise here,contact us
dot image