'പന്തും ജയ്സ്വാളും ഒറ്റ ദിവസം കൊണ്ട് 500 റണ്‍സ് എടുക്കുമല്ലോ!' മുള്‍ട്ടാന്‍ പിച്ചിനെ വിമർശിച്ച് ആരാധകർ

പാകിസ്താന്റെ സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ ബാബര്‍ അസമിനെതിരെയും രൂക്ഷവിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

dot image

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ പാകിസ്താന്‍ മികച്ച നിലയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആദ്യദിനം ക്യാപ്റ്റന്‍ ഷാന്‍ മസൂദും ഓപണര്‍ അബ്ദുള്ള ഷഫീഖും നേടിയ വെടിക്കെട്ട് സെഞ്ച്വറികളാണ് പാകിസ്താന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മിന്നും പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും പാകിസ്താനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാവുകയാണ്. ഇത്തവണ ടെസ്റ്റ് നടക്കുന്ന മുള്‍ട്ടാനിലെ പിച്ചിന്റെ പേരിലാണ് പാകിസ്താന് വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടേണ്ടിവന്നിരിക്കുന്നത്.

ബൗളര്‍മാര്‍ക്ക് യാതൊരു ആനുകൂല്യവും നല്‍കാത്ത പിച്ച് ഒരുക്കിയതിന് പാകിസ്താനെതിരെ മുന്‍ താരങ്ങളും ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. പാകിസ്താനിലെ ഹൈവേ പോലുള്ള പിച്ചില്‍ ഇന്ത്യയുടെ യശസ്വി ജയ്സ്വാളും റിഷഭ് പന്തും ഒറ്റ ദിവസം കൊണ്ട് 500 റണ്‍സ് വീതം അടിച്ചെടുക്കുമെന്നാണ് ഒരു ആരാധകന്‍ പരിഹസിക്കുന്നത്.

ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണും പിച്ചിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ബൗളര്‍മാരുടെ ശവപ്പറമ്പെന്നാണ് മുള്‍ട്ടാനിലെ പിച്ചിനെ കെവിന്‍ പീറ്റേഴ്‌സണ്‍ വിശേഷിപ്പിച്ചത്. മുള്‍ട്ടാനിലെ റോഡ് പോലെ പിച്ച് തോന്നുന്നുവെന്ന് മൈക്കല്‍ വോണും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പാകിസ്താന്റെ സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ ബാബര്‍ അസമിനെതിരെയും രൂക്ഷവിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ബാറ്റര്‍മാരെ തുണയ്ക്കുന്ന പിച്ച് കിട്ടിയിട്ടും അര്‍ധ സെഞ്ച്വറി പോലും തികയ്ക്കാതെ പുറത്താവേണ്ടി വന്നതിനാണ് ബാബറിനെ ആരാധകര്‍ ട്രോളുന്നത്. നാലാം നമ്പറില്‍ ഇറങ്ങി 71 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത ബാബറിനെ ക്രിസ് വോക്‌സ് വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരായ ആദ്യദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സെന്ന മികച്ച സ്‌കോറാണ് പാകിസ്താന്‍ നേടിയത്. 177 പന്തില്‍ 151 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷാന്‍ മസൂദും 184 പന്തില്‍ 102 റണ്‍സുമായി അബ്ദുള്ള ഷഫീഖും പാക് പടയ്ക്ക് വേണ്ടി തിളങ്ങി. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സെന്ന നിലയിലാണ് പാകിസ്താന്‍. നിലവില്‍ 67 റണ്‍സുമായി സൗദ് ഷക്കീലും റണ്‍സെടുക്കാതെ സല്‍മാന്‍ അലി അഘയുമാണ് ക്രീസില്‍.

Content Highlights: PAK vs ENG: Kevin Pietersen, Michael Vaughan criticises Multan track

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us