ബംഗ്ലാദേശിനെതിരായ കാൺപൂർ ടെസ്റ്റിൽ ഇന്ത്യ നേടിയ മിന്നും വിജയത്തിന്റെ ക്രെഡിറ്റ് കോച്ച് ഗൗതം ഗംഭീറിന് നൽകുന്നതിനെതിരെ വിമർശനവുമായി സുനിൽ ഗവാസ്കർ. ‘സ്പോർട്സ് സ്റ്റാറിൽ’ എഴുതിയ ലേഖനത്തിലാണ് മുൻ ഇതിഹാസ താരം വിമർശനം നടത്തിയത്. 'ഗംഭീർ വന്നിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. ടീമിൽ കാര്യമായ മാറ്റങ്ങൾ നടത്താനും പരീക്ഷണം നടത്താനും അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല. രോഹിതാണ് ടീമിനെ നയിച്ചതും പ്രചോദിപ്പിച്ചത്.' ഗവാസ്‌ക്കർ കുറിച്ചത് ഇങ്ങനെ.
ഇപ്പോഴത്തെ വിജയങ്ങളുടെ ക്രെഡിറ്റ് പരിശീലകന്റെ പേരിൽ ചാർത്തുന്നത് ശരിയല്ല. ആർക്കെങ്കിലും ക്രെഡിറ്റ് നൽകണമെന്നുണ്ടെങ്കിൽ അത് രോഹിതിന് മാത്രമാണ്’ ഗവാസ്കർ അഭിപ്രായപ്പെട്ടു.
രണ്ട് ദിവസം പൂർണമായും ഒരു ദിവസം ഭാഗികമായും മഴയെടുത്തിട്ടും അഗ്രസീവ് ബാറ്റിങ്ങിലൂടെ കാൺപൂരിൽ ഇന്ത്യ അവിസ്മരണീയ വിജയം നേടിയിരുന്നു. ഇതിന്റെ ക്രെഡിറ്റ് ഗംഭീറിന് നൽകുന്നതിനെതിരെയാണ് ഗവാസ്കർ രംഗത്തെത്തിയത്. ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിനെ ബാസ്ബോൾ എന്ന് വിളിക്കുന്ന പോലെ സമൂഹമാധ്യമങ്ങളിൽ ഗംഭീറിന്റെ പേരുചേർത്ത് ‘ഗംബാൾ’ എന്ന് പലരും കുറിച്ചിരുന്നു.
എന്നാൽ രോഹിതിൽ നിന്നാണ് ടീം ഈ ബാറ്റിങ് ശൈലിയിലേക്കെത്തിയത് എന്നാണ് ഗവാസ്‌ക്കറിന്റെ വാദം. ‘ബ്രണ്ടൻ മക്കല്ലത്തിന്റെയും ബെൻ സ്റ്റോക്സിന്റെയും യുഗത്തിൽ ഇംഗ്ലീഷ് ബാറ്റിങ്ങിൽ പുതിയ സമീപനമുണ്ടായി. കഴിഞ്ഞ കുറച്ചുവർഷങ്ങളിലായി രോഹിതും അതുപോലെയാണ് ബാറ്റ് ചെയ്തത്. ടീമംഗങ്ങളെയും അതുപോലെ ബാറ്റ് ചെയ്യാൻ അദ്ദേഹം പ്രചോദിപ്പിച്ചു, ഗംഭീർ ഒരിക്കലും ഈ ശൈലി പിന്തുടരുന്ന ആളായിരുന്നില്ല’ എന്നും ഗവാസ്‌ക്കർ അഭിപ്രായപ്പെടുകയുണ്ടായി.
Content Highlights: sunil gavaskar on test victory credit