ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിൽ എറിയുന്ന പന്തിന്റെ വേഗത കൊണ്ട് ബാറ്റർമാരെയും കാണികളെയും ഒരു പോലെ അമ്പരപ്പിച്ച ഇന്ത്യയുടെ യുവ പേസറാണ് മായങ്ക് യാദവ്. ഏറെ കാത്തിരിപ്പിന് ശേഷം മെയ്ഡൻ ഓവറോടെ ഈ താരം ഇന്നലെ തന്റെ അന്തരാഷ്ട്ര അരങ്ങേറ്റം നടത്തുകയും ചെയ്തു. കഴിഞ്ഞ സീസണിൽ ഐപിഎല്ലിൽ 156.7 കിലോമീറ്റർ വേഗതയിൽ വരെ പന്തെറിഞ്ഞ താരം പക്ഷെ ബംഗ്ലാദേശിനെതിരെ ഇന്നലെ നടന്ന ടി20 മത്സരത്തിൽ പക്ഷെ എറിഞ്ഞത് 135 കിലോമീറ്ററിനും 150 കിലോമീറ്ററിനും ഇടയിലുള്ള വേഗത്തിലായിരുന്നു. 150 നും 160 നും ഇടയിൽ അനായാസം പന്തെറിയാൻ കഴിവുള്ള താരം എന്ത് കൊണ്ടാണ് ആ വേഗതയിൽ എറിയാതിരുന്നത് എന്നതിന് വിശദീകരണം നൽകി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.
'മായങ്ക് യാദവ് തൻ്റെ ആദ്യ ഓവർ എറിഞ്ഞത് മെയ്ഡനായിട്ടാണ്, കഴിഞ്ഞ നാല് മാസമായി ഒരു മത്സരവും കളിക്കാതെയാണ് താരത്തിന്റെ വരവ്. പരിക്കിൽ നിന്നും അവൻ മുക്തനായി വരുന്നേയുള്ളൂ, അത് കൊണ്ട് തന്നെ ശരീരത്തിൽ അല്പം ശ്രദ്ധ നൽകിയാണ് എറിഞ്ഞത്, തന്റെ വേഗതയുടെ മുഴുവൻ എടുക്കാൻ അവൻ തയ്യാറായിട്ടില്ല. ഒരർത്ഥത്തിൽ അത് നല്ലൊരു തീരുമാനം കൂടിയാണ്. ആകാശ് ചോപ്ര പറഞ്ഞു. മായങ്ക് യാദവിന് ഒരുപാട് അത്ഭുതങ്ങൾ കാണിക്കാൻ കഴിയുമെന്നും ആവശ്യമായ സമയം നൽകണമെന്നും ചോപ്ര കൂട്ടിച്ചേർത്തു.
നാല് ഓവറെറിഞ്ഞ മായങ്ക് യാദവ് 21 റൺസ് വിട്ട് കൊടുത്ത് ഒരു വിക്കറ്റും നേടിയിരുന്നു. അതേസമയം, ബംഗ്ലാദേശിനെതിരായ ഒന്നാം ട്വന്റി 20യിൽ ഏഴ് വിക്കറ്റിന്റെ വിജയമാണ് സൂര്യകുമാർ യാദവിന്റെ സംഘം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19.5 ഓവറിൽ 127 റൺസിന് ഓൾ ഔട്ടായി. ബംഗ്ലാദേശ് ഉയർത്തിയ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. സൂര്യകുമാർ യാദവ് 29 റൺസ്, സഞ്ജു സാംസൺ 29 റൺസ്, ഹാർദ്ദിക്ക് പാണ്ഡ്യ പുറത്താകാതെ 39 റൺസ് എന്നിങ്ങനെ നേടി. 11.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ഒക്ടോബർ ഒമ്പതിന് ഡൽഹിയിൽ നടക്കും.