'അടിച്ചു കേറി വാ', 'വാ വാ താമരപ്പെണ്ണേ...'; ആശയേയും സജനയേയും ഐസിസി 'റീലി'ലെടുത്തു!

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ആദ്യമായാണ് രണ്ട് മലയാളി താരങ്ങള്‍ക്ക് ഒരുമിച്ച് ഇടം ലഭിക്കുന്നത്.

dot image

പാകിസ്താനെതിരായ വനിതാ ടി20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ ഐസിസി പങ്കുവെച്ച വീഡിയോ വൈറലാവുന്നു. മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനുമാണ് വീഡിയോയിലെ ഹൈലൈറ്റ്. മലയാളത്തില്‍ സമീപകാലത്ത് വൈറലായ 'അടിച്ചുകേറി വാ' എന്ന ഹിറ്റ് ഡയലോഗില്‍ തുടങ്ങുന്ന രസകരമായ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ലോകകപ്പില്‍ പാകിസ്താനെതിരെ നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയടിച്ച് വിജയറണ്‍ കുറിച്ച താരമാണ് വയനാട് മാനന്തവാടി സ്വദേശിനിയായ സജന. ഇന്ത്യയെ വിജയിപ്പിച്ച ശേഷം ഗ്രൗണ്ട് വിടുന്ന സജനയെ 'അടിച്ചുകേറി വാ' എന്നുപറഞ്ഞ് സന്തോഷത്തോടെ സ്വീകരിക്കുകയാണ് ആശ. പിന്നീട് സജനയും ആശയ്‌ക്കൊപ്പം 'അടിച്ചുകേറി വാ' എന്ന് പറഞ്ഞ് ഒരുമിച്ച് ഡഗ്ഗൗട്ടിലേക്ക് നടന്നുകയറുന്നതും വീഡിയോയിലുണ്ട്.

ഇതിന്റെ പശ്ചാത്തലത്തില്‍ 'കരുമാടിക്കുട്ടന്‍' എന്ന മലയാള സിനിമയിലെ 'വാ വാ താമരപ്പെണ്ണേ' എന്നുതുടങ്ങുന്ന ഗാനവുമുണ്ട്. മോളിവുഡ് സ്റ്റാര്‍സ് എന്ന ക്യാപ്ഷനോടെ ഐസിസി പോസ്റ്റ് ചെയ്ത വീഡിയോ സജന സജീവനും പങ്കുവെച്ചിട്ടുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളും മലയാളത്തിലെ ഹിറ്റ് ഡയലോഗും ചേര്‍ന്ന വീഡിയോ നിമിഷങ്ങള്‍ക്കുള്ളിലാണ് ആരാധകര്‍ ഏറ്റെടുത്തത്.

പാകിസ്താനെതിരെ ഞായറാഴ്ച നടന്ന മത്സരത്തിലാണ് ആശയും സജനയും ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങിയത്. വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ആദ്യമായാണ് രണ്ട് മലയാളി താരങ്ങള്‍ക്ക് ഒരുമിച്ച് ഇടം ലഭിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ സ്പിന്നര്‍ ആശ ഇറങ്ങിയിരുന്നെങ്കിലും പാകിസ്താനെതിരായ രണ്ടാം മത്സരത്തില്‍ സജനയ്ക്കും അവസരം ലഭിക്കുകയായിരുന്നു.

പാകിസ്താനെ ആറ് വിക്കറ്റുകള്‍ക്ക് വീഴ്ത്തിയ മത്സരത്തില്‍ മികച്ച പ്രകടനമാണ് ഇരുതാരങ്ങളും കാഴ്ച വെച്ചത്. ആദ്യം ബാറ്റു ചെയ്ത പാകിസ്താനെതിരെ നാല് ഓവര്‍ പന്തെറിഞ്ഞ ആശ 24 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. പാക് ക്യാപ്റ്റന്‍ ഫാത്തിമ സനയുടെ നിര്‍ണായക വിക്കറ്റാണ് ആശ സ്വന്തമാക്കിയത്. എട്ട് പന്തില്‍ 13 റണ്‍സെടുത്ത സനയെ റിച്ച ഘോഷിന്റെ കൈകളിലെത്തിച്ചാണ് ആശ മടക്കിയത്.

പാകിസ്താന്‍ ഉയര്‍ത്തിയ 106 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇന്ത്യയുടെ വിജയത്തിലേക്ക് രണ്ട് റണ്‍സ് മാത്രം ബാക്കിയുള്ളപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന് പരിക്കേറ്റ് കളംവിടേണ്ടി വന്നിരുന്നു. ഇതോടെയാണ് സജനയ്ക്ക് അവസരമൊരുങ്ങിയത്. ഹര്‍മന് പകരക്കാരിയായി എത്തിയ സജന നേരിട്ട ആദ്യ പന്തില്‍ ബൗണ്ടറിയടിച്ച് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

Content Highlights: ICC's video of Sajana Sajeevan and Asha Shobhana goes viral

dot image
To advertise here,contact us
dot image