ബംഗ്ലാദേശിനെതിരായ ഒന്നാം ടി20 മത്സരത്തിന് പിന്നാലെ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ 'നോ ലുക്ക്' ഷോട്ട് വൈറലായിരുന്നു. 12-ാം ഓവറില്‍ ടസ്‌കിന്‍ അഹമ്മദിനെയാണ് നോ ലുക്ക് ഷോട്ടിലൂടെ ഹാര്‍ദിക് ബൗണ്ടറി കടത്തിയത്. ആത്മവിശ്വാസവും സ്വാഗും ആറ്റിറ്റ്യൂഡുമെല്ലാം പ്രകടമായിരുന്ന ഹാര്‍ദിക്കിന്റെ ഷോട്ട് സോഷ്യല്‍ മീഡിയ ഭരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത്തരം ഷോട്ട് ഹാര്‍ദിക് നേരത്തെയും അടിച്ചിട്ടുണ്ടെന്ന് ഓർമിപ്പിച്ചാണ് മുംബൈ ഇന്ത്യന്‍സ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. നാല് വര്‍ഷം മുന്‍പേ ഹാര്‍ദിക് മുംബൈയ്ക്ക് വേണ്ടി നോ ലുക്ക് ഷോട്ട് അടിക്കുന്ന വീഡിയോ ആണ് മുംബൈ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
2020ല്‍ മുംബൈ താരമായ ഹാര്‍ദിക് ഡിവൈ പാട്ടീല്‍ ടൂര്‍ണമെന്റിലാണ് നോ ലുക്ക് ഷോട്ട് അടിക്കുന്നത്. പന്ത് ബൗണ്ടറി കടന്നത് നോക്കുക പോലും ചെയ്യാതെ 'കട്ട ആറ്റിറ്റ്യൂഡി'ല്‍ ഹാര്‍ദിക് അടുത്ത പന്ത് നേരിടാന്‍ തയ്യാറെടുക്കുന്നതും വീഡിയോയില്‍ കാണാം. 'സ്വാഗ്' എന്ന ക്യാപ്ഷനോടെയാണ് മുംബൈ വീഡിയോ പോസ്റ്റ് ചെയ്തത്.
ബംഗ്ലാദേശിനെതിരെ ഇന്ത്യ ഏഴ് വിക്കറ്റിനു വിജയിച്ചപ്പോൾ ബാറ്റിങ്ങിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഹാർദിക് പാണ്ഡ്യയുടെ പ്രകടനമായിരുന്നു. ബാറ്റെടുത്തപ്പോൾ ഹാർദിക് തനിക്ക് മാത്രം സാധ്യമാവുന്ന ചില മനോഹരഷോട്ടുകളോടെ കളം വാഴുകയും ചെയ്തിരുന്നു. ഇന്ത്യയുടെ വിജയമുറപ്പിച്ചാണ് ഹാർദിക് ബാറ്റ് വീശിയത്. 16 പന്തിൽ പുറത്താവാതെ 39 റൺസാണ് ഹാർദിക് നേടിയത്. ഇതിൽ 2 സിക്സറുകളും 5 ബൗണ്ടറികളും ഉൾപ്പെടും.
പന്ത്രണ്ടാം ഓവറിലെ മൂന്നാം പന്തിലാണ് വൈറലായ നോ ലുക്ക് ഷോട്ട് പിറക്കുന്നത്. ബൗൺസറിന് ശ്രമിച്ച ടസ്കിന്റെ പന്തിനെ ഹാർദിക് വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ ബാറ്റ് വെച്ച് ബൗണ്ടറി കടത്തുമ്പോൾ ആ ഷോട്ടിന് അത്രയും ആധികാരികതയുണ്ടായിരുന്നു. ബോളറെയോ പന്തിനെയോ നോക്കാതെ ഒരു തരം നോ ലുക്ക് ഷോട്ടായിരുന്നു അത്. അടുത്ത പന്തിലും ഹാർദിക് വ്യത്യസ്ത ഷോട്ടിലൂടെ ബൗണ്ടറി കടത്തി. ഇത്തവണ ഹാർദികിന്റെ കൈയ്യിൽ നിന്ന് ബാറ്റും തെറിച്ചുപോയിരുന്നു. പിന്നീടുള്ള പന്ത് സിക്സറടിച്ചായിരുന്നു ഹാർദിക് കളി അവസാനിപ്പിച്ചത്. ഇതോടെ ആദ്യം ബാറ്റ് ചെയ്ത് 127 റൺസടിച്ച ബംഗ്ലാ സ്കോറിനെ 132 റൺസടിച്ച് ഇന്ത്യ മറികടക്കുകയായിരുന്നു.
Content Highlights: Mumbai Indians shared an old video of Hardik Pandya's No Look shot