ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത വർഷത്തെ മെഗാലേലത്തിന് മുമ്പായി തന്നെ ടീമിൽ നിലനിർത്തണമെന്ന ആവശ്യവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം നിതീഷ് റാണ. 'കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഞാൻ വർഷങ്ങളായി കളിക്കുന്നു. എന്നാൽ ടീമിൽ നിലനിർത്തുകയെന്നത് എന്റെ കൈയ്യിൽ മാത്രമുള്ള കാര്യമല്ല. അത് ടീം മാനേജ്മെന്റാണ് തീരുമാനിക്കുന്നത്. ഇതുവരെയും അത്തരമൊരു സന്ദേശം എനിക്ക് വന്നിട്ടില്ല. എങ്കിലും കൊൽക്കത്ത എന്നെ നിലനിർത്തുകയാണെങ്കിൽ അത് എന്റെ ഭാഗ്യമാണ്. എനിക്ക് കൊൽക്കത്തയ്ക്കൊപ്പം കളിക്കണമെന്നാണ് ആഗ്രഹം.' നിതീഷ് റാണ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
2015 മുംബൈ ഇന്ത്യൻസിലൂടെയാണ് നിതീഷ് റാണ ഐപിഎല്ലിലേക്ക് കടന്നുവരുന്നത്. 2018ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായി. 2023ൽ ശ്രേയസ് അയ്യരിന് പരിക്കേറ്റപ്പോൾ നിതീഷ് റാണയായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകൻ. ഐപിഎല്ലിൽ ഇതുവരെ 107 മത്സരങ്ങൾ കളിച്ച നിതീഷ് 2,636 റൺസ് അടിച്ചെടുത്തു. അതിൽ കൊൽക്കത്തയ്ക്ക് വേണ്ടി 90 മത്സരങ്ങളിൽ നിന്നായി 2,199 റൺസ് താരം സ്വന്തമാക്കി.
2024ൽ നിതീഷ് റാണയ്ക്ക് രണ്ട് മത്സരങ്ങൾ മാത്രമാണ് ഐപിഎല്ലിൽ കളിക്കാൻ കഴിഞ്ഞത്. നിരവധി താരങ്ങളാൽ കൊൽക്കത്ത ക്യാംപ് നിറഞ്ഞതോടെ നിതീഷിന് അവസരങ്ങൾ കുറയുകയായിരുന്നു. കഴിഞ്ഞ തവണ ഐപിഎൽ ചാംപ്യന്മാരായ ടീമും കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ്. ഇന്ത്യൻ ക്രിക്കറ്റിൽ ഏതാനും മത്സരങ്ങൾ കളിച്ചിട്ടുള്ളതിനാൽ അന്താരാഷ്ട്ര താരങ്ങളുടെ പട്ടികയിലെ നിതീഷിനെ നിലനിർത്താൻ കൊൽക്കത്തയ്ക്ക് കഴിയൂ. കുറഞ്ഞത് 11 കോടി രൂപ നൽകി താരത്തെ കൊൽക്കത്ത നിലനിർത്തുമോയെന്ന് കാത്തിരുന്നത് കാണണം.
Content Highlights: Nitish Rana open up to be retained in KKR