അന്താരാഷ്ട്ര ട്വന്റി 20യിൽ മറ്റൊരു റെക്കോർഡിനരികെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. 39 റൺസ് കൂടി നേടിയാൽ അന്താരാഷ്ട്ര ട്വന്റി 20യിൽ അതിവേഗം 2500 റൺസിലെത്തുന്ന രണ്ടാമത്തെ താരമായി സൂര്യകുമാർ യാദവ് മാറും. 73 മത്സരങ്ങളിൽ നിന്നാണ് കോഹ്‍ലി 2,500 റൺസെന്ന നാഴികക്കല്ല് പിന്നിട്ടത്. നിലവിൽ 72 മത്സരങ്ങൾ കളിച്ച സൂര്യകുമാറിന് 2,461 റൺസുണ്ട്. 67 മത്സരങ്ങളിൽ നിന്ന് 2,500 റൺസെടുത്ത പാകിസ്താന്റെ ബാബർ അസമാണ് വേഗത്തിൽ 2,500 റൺസ് തികച്ച ട്വന്റി 20 ക്രിക്കറ്റിലെ ഒന്നാമത്തെ താരം.
കരിയറിലാകെ 125 ട്വന്റി 20 മത്സരങ്ങളാണ് വിരാട് കോഹ്‍ലി കളിച്ചിട്ടുള്ളത്. 4,188 റൺസ് താരം സ്വന്തമാക്കി. ഒരു സെഞ്ച്വറിയും 38 അർധ സെഞ്ച്വറിയും താരത്തിന്റെ കരിയറിന്റെ ഭാഗമാണ്. 2024ലെ ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ കോഹ്‍ലി അന്താരാഷ്ട്ര ട്വന്റി 20യിൽ നിന്ന് വിരമിക്കുകയായിരുന്നു.
ബംഗ്ലാദേശിനെതിരെ നാളെ നടക്കാനിരിക്കുന്ന രണ്ടാം ട്വന്റി 20യിലാണ് സൂര്യകുമാറിന് ചരിത്ര നേട്ടം സ്വന്തമാക്കാൻ അവസരമുള്ളത്. ആദ്യ മത്സരത്തിലെ മികച്ച ഫോം താരം നാളെയും തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 14 പന്തുകൾ നേരിട്ട് 29 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ കഴിഞ്ഞ മത്സരത്തിൽ നേടിയത്.
Content Highlights: Suryakumar Yadav need 39 runs to equal Virat Kohli in fastest 2500 runs in t20i