ബംഗ്ലാദേശിനെതിരായ ഒന്നാം ടി20 മത്സരത്തില്‍ ഇന്ത്യയുടെ യുവഓപണര്‍ അഭിഷേക് ശര്‍മയുടെ റണ്ണൗട്ട് ഏറെ ചര്‍ച്ചയായിരുന്നു. ഏഴ് പന്തില്‍ 16 റണ്‍സെടുത്ത് ആക്രമിച്ചുകളിക്കുകയായിരുന്ന അഭിഷേക് സഹ ഓപ്പണറായ സഞ്ജു സാംസണുമായുള്ള ആശയക്കുഴപ്പത്തിലാണ് പുറത്തായത്. പിന്നാലെ സഞ്ജുവിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. ഇപ്പോൾ അഭിഷേകിന്റെ റണ്ണൗട്ട് വിവാദങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും അഭിഷേകിന്റെ മെന്ററുമായ യുവരാജ് സിങ്.
തന്റെ പ്രിയപ്പെട്ട ശിഷ്യൻ കൂടിയായ അഭിഷേകിനെ പരോക്ഷമായി വിമർശിക്കുകയാണ് യുവരാജ്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അഭിഷേകിന്റെ റണ്ണൗട്ടുമായി ബന്ധപ്പെട്ട് യുവി പ്രതികരിച്ചത്. മത്സരത്തിന് ശേഷം അഭിഷേകിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ പിന്തുണയറിയിച്ച് നിരവധി പേരാണ് എത്തുന്നത്. ഇതിൽ ഒരു ആരാധകന്റെ കമന്റിന് താഴെ മറുപടി നൽകിയിരിക്കുകയാണ് യുവി.
'അഭിഷേകിൽ നിന്ന് വലിയ പ്രകടനങ്ങൾ വരാനുണ്ടെന്ന് തോന്നുന്നു' എന്നാണ് ആരാധകൻ കമന്റിട്ടത്. 'നമ്മൾ തലച്ചോർ നന്നായി ഉപയോഗിച്ചാൽ മാത്രമാണ് അങ്ങനെ വരൂ' എന്നായിരുന്നു കമന്റിന് യുവിയുടെ മറുപടി. റണ്ണൗട്ടായതിന് കാരണം അഭിഷേകിന്റെ പിഴവാണെന്നാണ് യുവിയുടെ നിലപാടെന്ന് മനസ്സിലാക്കാം.
പാകിസ്താന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപണിങ് സഖ്യമായി സഞ്ജുവിനൊപ്പം ഇറങ്ങിയ അഭിഷേക് തുടക്കം മുതല്‍ ആക്രമിച്ചാണ് കളിച്ചത്.
രണ്ടാം ഓവറിലെ അവസാന പന്തിലാണ് അഭിഷേകിന് റണ്ണൗട്ടായി മടങ്ങേണ്ടിവന്നത്. അതിവേഗം സ്‌കോര്‍ ഉയര്‍ത്തുമെന്ന് തോന്നിപ്പിച്ച സമയത്തായിരുന്നു സഞ്ജുവുമായുള്ള ആശയക്കുഴപ്പത്തിൽ താരം റണ്ണൗട്ടായത്. ഏഴ് പന്തില്‍ 16 റണ്‍സെടുത്ത് ഫോമില്‍ നില്‍ക്കുകയായിരുന്ന അഭിഷേക് പുറത്തായതിന് കാരണക്കാരന്‍ സഞ്ജുവാണെന്നാണ് ചില ആരാധകരുടെ ആരോപണം.
പേസര്‍ ടസ്‌കിന്‍ അഹമ്മദെറിഞ്ഞ പന്ത് സഞ്ജുവാണ് നേരിട്ടത്. ആംഗിള്‍ ചെയ്ത് അകത്തേക്ക് വന്ന പന്ത് ഷോര്‍ട്ട് മിഡ് വിക്കറ്റ് ഏരിയയിലേക്ക് സഞ്ജു അടിക്കുകയും ചെയ്തു. സിംഗിളിനായി രണ്ടടി മുന്നോട്ട് വെച്ച സഞ്ജു പിന്നീട് അപകടം മനസ്സിലാക്കി ഇത് വേണ്ടെന്ന് വെക്കുകയായിരുന്നു.
എന്നാല്‍ ക്രീസിന്റെ മറുവശത്ത് അഭിഷേക് അപ്പോഴേക്കും സിംഗിളിനായി അല്‍പ്പദൂരം മുന്നോട്ട് ഓടിയെത്തിയിരുന്നു. സഞ്ജു പിന്നോട്ട് ഓടിയതോടെ അഭിഷേക് ആശയക്കുഴപ്പത്തിലായി. അഭിഷേക് ഉടനെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് ഓടിയെങ്കിലും ക്രീസിലെത്തുന്നതിനു മുമ്പേ തൗഹിദ് ഹൃദോയ് കുറ്റി തെറിപ്പിച്ചിരുന്നു. ക്രീസ് വിടുന്ന അഭിഷേകിനെ നിരാശയോടെ നോക്കി നില്‍ക്കാന്‍ മാത്രമാണ് സഞ്ജുവിന് സാധിച്ചത്.
ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയില്‍ സഞ്ജുവിനെ കുറ്റപ്പെടുത്തി ആരാധകര്‍ രംഗത്തെത്തിയത്. സിംഗിളിന് യാതൊരു സാധ്യതയും ഇല്ലാത്ത പന്തില്‍ എന്തിനാണ് സഞ്ജു അങ്ങനെ ശ്രമിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അഭിഷേക് ശര്‍മ പുറത്തായതല്ല, സഞ്ജു സാംസണ്‍ ഔട്ടാക്കിയതാണെന്ന് ചിലര്‍ കുറ്റപ്പെടുത്തി.
Content Highlights: Yuvraj Singh responds to Abhishek Sharma’s run-out on fan’s social media comment