ശ്രീലങ്കയ്‌ക്കെതിരെയായ പരമ്പരയ്ക്കിടെ പരിക്കേറ്റ ന്യൂസിലൻഡ് വെറ്ററൻ താരം കെയ്ൻ വില്യംസണിന് ബെംഗളൂരുവിൽ ഇന്ത്യയ്‌ക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയുടെ ആദ്യ ടെസ്റ്റ് നഷ്ടമാകും. എന്നാൽ പരമ്പരയിൽ പിന്നീടുള്ള മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുമെന്ന പ്രതീക്ഷ താരം പങ്കുവെച്ചു. പരിക്ക് പൂർണ്ണമായി ഭേദമാകാൻ താരത്തിന് വിശ്രമം അനുവദിച്ചതായി ന്യൂസിലൻഡ് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. വില്യംസണിന് പകരം മാർക്ക് ചാപ്മാൻ ടെസ്റ്റിൽ അരങ്ങേറ്റം നടത്തും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ആറ് സെഞ്ച്വറികളോടെ 41.9 ശരാശരിയുള്ള താരമാണ് ചാപ്മാൻ.
അതേ സമയം ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിലെ രണ്ട് ടെസ്റ്റ് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ വരുന്നത്. ആദ്യ മത്സരം 280 റൺസിന് വിജയിച്ചപ്പോൾ രണ്ടാം മത്സരം ഏഴ് വിക്കറ്റിനാണ് ഇന്ത്യൻ ടീം വിജയിച്ചത്. ശ്രീലങ്കയോട് രണ്ട് മത്സരങ്ങടങ്ങിയ പരമ്പര തോറ്റാണ് ന്യൂസിലൻഡ് ടീം വരുന്നത്. ചാപ്മാന് പുറമെ ശ്രീലങ്കയ്‌ക്കെതിരെയുള്ള ടീമിൽ നിന്ന് ഒരു മാറ്റം കൂടി ന്യൂസിലൻഡ് വരുത്തിയിട്ടുണ്ട്. ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ബ്രേസ്‌വെല്ലിന് പകരം ഇഷ് സോധിയെയാണ് ന്യൂസിലൻഡ് ഉൾപ്പെടുത്തിയിട്ടുള്ളത് .