ബംഗ്ലാദേശിനെതിരായ ഒന്നാം ട്വന്റി 20യിലെ പ്രകടനം കൊണ്ട് മാത്രം ഹാർദ്ദിക് പാണ്ഡ്യയെ വിലയിരുത്താൻ സാധിക്കില്ലെന്ന് ഇന്ത്യൻ മുൻ താരം ആർ പി സിങ്. ഹാർദ്ദിക് നന്നായി കളിച്ചു. ഇതുപോലുള്ള പ്രകടനങ്ങൾ നടത്താൻ ഹാർദ്ദിക്കിന് കഴിയും. എന്നാൽ ഈ പ്രകടനം മികച്ച ടീമുകൾക്കെതിരെയും മികച്ച വേദികളിലും ഉണ്ടാകണമെന്ന് ആർ പി സിങ് ജിയോ സിനിമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഹാർദ്ദിക്കിന്റെ ബൗളിങ് പ്രകടനത്തെക്കുറിച്ചും ആർ പി സിങ് പ്രതികരിച്ചു. നാല് ഓവർ ഹാർദ്ദിക്കിന് എറിയാൻ കഴിയുന്നത് നല്ല കാര്യമാണ്. ആ നാല് ഓവർ നന്നായി എറിയാനും ഹാർദ്ദിക്കിന് സാധിച്ചു. കായികക്ഷമതയും ഹാർദ്ദിക്ക് നിലനിർത്തുന്നു. എങ്കിലും ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ശരിയായ പോരാട്ടങ്ങൾ ഇനി വരാനിക്കുകയാണെന്നും ആർ പി സിങ് വ്യക്തമാക്കി.
ബംഗ്ലാദേശിനെതിരായ ഒന്നാം ട്വന്റി 20യിൽ 16 പന്തിൽ 39 റൺസ് നേടിയ ഹാർദ്ദിക് പുറത്താകാതെ നിന്നു. അഞ്ച് ഫോറും രണ്ട് സിക്സും അടങ്ങിയതായിരുന്നു ഹാർദിക്കിന്റെ ഇന്നിംഗ്സ്. ബൗളിങ്ങിലും താരം തിളങ്ങി. നാല് ഓവറിൽ 26 റൺസ് വിട്ടുകൊടുത്ത താരം ഒരു വിക്കറ്റ് വീഴ്ത്തി. ബംഗ്ലാദേശിനെതിരെ ഇന്ന് നടക്കുന്ന രണ്ടാം ട്വന്റി 20യിലും ഹാർദ്ദിക് മികവ് തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Content Highlights: Former Indian pacer RP Singh not impressed Hardik Pandya's Bangladesh heroics