ഷമിയുടെ തിരിച്ചുവരവ് വൈകും; രഞ്ജി ട്രോഫിയിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമായേക്കുമെന്ന് സൂചന

കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഷമി ഏറെ കാലമായി കളിക്കളത്തിന് പുറത്താണ്.

dot image

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്ക് രഞ്ജി ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. താരത്തിന്റെ കണങ്കാലിനേറ്റ പരിക്ക് ഭേദമാവാത്തതാണ് കാരണം. ഫിറ്റ്‌നസ് വീണ്ടെടുക്കാത്ത സാഹചര്യത്തില്‍ ബംഗാളിന്റെ ഓപ്പണിങ് മത്സരങ്ങളില്‍ ഷമിക്ക് കളത്തിലിറങ്ങാന്‍ സാധിക്കില്ല.

കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഷമി ഏറെ കാലമായി കളിക്കളത്തിന് പുറത്താണ്. 2023 ഏകദിന ലോകകപ്പില്‍ അവിസ്മരണീയ പ്രകടനം പുറത്തെടുത്തതിന് ശേഷം ഷമിക്ക് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. ലോകകപ്പ് ഫൈനലിനിടെ പരിക്കേറ്റ ഷമി ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഐപിഎല്ലും ടി20 ലോകകപ്പും ഷമിക്ക് നഷ്ടമായിരുന്നു. ഇതിനിടെ വിശ്രമം അവസാനിപ്പിച്ച് ഷമി പരിശീലനം ആരംഭിച്ചിരുന്നു. പിന്നാലെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഷമി ഇടം ലഭിക്കുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ഷമി ഇത് നിഷേധിച്ചിരുന്നു.

നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിനിടെ ഷമിക്ക് വീണ്ടും പരിക്കേറ്റെന്നും വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിയും ഷമിക്ക് നഷ്ടമാവുമെന്നും വാര്‍ത്തകള്‍ പരന്നു. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച് ഷമി രംഗത്തെത്തിയതോടെ താരം ദേശീയ ടീമിലേക്കുള്ള തിരിച്ചുവരുന്നതിനുള്ള സാധ്യത കൂടിയിരിക്കുകയാണ്.

Content Highlights: Mohammed Shami set to miss initial games of Ranji Trophy 2024-25

dot image
To advertise here,contact us
dot image