നിതീഷ് അടിച്ചെടുത്തതും എറിഞ്ഞിട്ടതും ചരിത്രം; ആദ്യമായി ഒരു ഇന്ത്യക്കാരന് ഈ നേട്ടം

മത്സരത്തിൽ നിർണായക സമയത്താണ് നിതീഷ് ഇന്ത്യയ്ക്കായി ബാറ്റിങ് വെടിക്കെട്ട് പുറത്തെടുത്തത്.

dot image

ബം​ഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20യിൽ അപൂർവ്വ നേട്ടം സ്വന്തമാക്കി ഇന്ത്യൻ യുവതാരം നിതീഷ് കുമാർ റെഡ്ഡി. ഇതാദ്യമായി ഒരു ഇന്ത്യൻ താരം ഒരു ട്വന്റി 20 മത്സരത്തിൽ 70ലധികം റൺസ് നേടുകയും രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. തന്റെ രണ്ടാമത്തെ മാത്രം അന്താരാഷ്ട്ര ട്വന്റി 20യിലാണ് നിതീഷ് കുമാർ റെഡ്ഡി അപൂർവ്വ റെക്കോർഡ് സ്വന്തം പേരിലാക്കിയത്.

മത്സരത്തിൽ നിർണായക സമയത്താണ് നിതീഷ് ഇന്ത്യയ്ക്കായി ബാറ്റിങ് വെടിക്കെട്ട് പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒരു ഘട്ടത്തിൽ‌ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 45 റൺസെന്ന നിലയിലായിരുന്നു. നാലാം വിക്കറ്റിൽ നിതീഷ് കുമാർ റെഡ്ഡിയും റിങ്കു സിങ്ങും ഒന്നിച്ചതോടെയാണ് ഇന്ത്യൻ സ്കോറിങ്ങ് മുന്നോട്ടുകുതിച്ചത്. 34 പന്ത് നേരിട്ട നിതീഷ് 74 റൺസെടുത്തു. 29 പന്തിൽ 53 റൺസാണ് റിങ്കുവിന്റെ സംഭാവന. ഇരുവരും നാലാം വിക്കറ്റിൽ 108 റൺസ് കൂട്ടിച്ചേർത്തു. 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുക്കാന‍ും ഇന്ത്യയ്ക്ക് സാധിച്ചു.

ബൗളിങ്ങിൽ രണ്ട് വിക്കറ്റാണ് നിതീഷ് വീഴ്ത്തിയത്. നാല് ഓവറിൽ 23 റൺസ് വിട്ടുകൊടുത്താണ് നിതീഷ് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിയത്. ബംഗ്ലാദേശ് നിരയിൽ ടോപ് സ്കോററായ മഹ്മൂദുള്ളയെ നിതീഷ് റിയാൻ പരാ​ഗിന്റെ കൈകളിലെത്തിച്ചു. 41 റൺസുമായാണ് മഹ്മൂദുള്ള മടങ്ങിയത്. തൻസീം ഹസ്സന്റെ വിക്കറ്റും നിതീഷിനാണ്.

Content Highlights: Nitish Kumar Reddy becomes the first Indian to score 70+ runs and pick 2 wickets in the same T20i

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us