ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20യിൽ അർധ സെഞ്ച്വറി നേടിയിരിക്കുകയാണ് റിങ്കു സിങ്. എന്നാൽ റിങ്കു അർധ സെഞ്ച്വറി പൂർത്തിയാക്കിയ സിക്സും പിന്നാലെയുള്ള ആഘോഷവുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. 16-ാം ഓവറിലെ അവസാന പന്തിലാണ് സംഭവം. തൻസീം ഹസൻ എറിഞ്ഞ പന്ത് ഫുൾഡോസ് ആയതോടെ ലെഗ് സൈഡിലേക്ക് ഫ്ലിക്ക് ചെയ്യാനായിരുന്നു റിങ്കുവിന്റെ ശ്രമം. എന്നാൽ ഇത് ഒരു ലീഡിങ് എഡ്ജായി മാറി. പിന്നിലേക്ക് ഉയർന്നുപൊങ്ങിയ പന്ത് നിലം തൊടാതെ ബൗണ്ടറിയിൽ ചെന്ന് അവസാനിച്ചു. അർധ സെഞ്ച്വറി പൂർത്തിയാക്കിയ പിന്നാലെ തന്റെ കൈയ്യിലെ ഗോഡ്സ് പ്ലാൻ എന്ന എഴുത്ത് ചൂണ്ടിക്കാട്ടിയായിരുന്നു റിങ്കുവിന്റെ ആഘോഷം.
Rinku Singh departs after a solid knock of 53 off just 29 deliveries.
— BCCI (@BCCI) October 9, 2024
Watch his half-century moment here 👇👇
Live - https://t.co/Otw9CpO67y…… #INDvBAN@IDFCFIRSTBank pic.twitter.com/oWII6THYjt
ഇന്ത്യൻ പ്രീമിയർ ലീഗിലൂടെയാണ് റിങ്കുവിന്റെ ഗോഡ്സ് പ്ലാൻ എന്ന വാക്ക് ക്രിക്കറ്റ് ലോകത്ത് പ്രചരിക്കാൻ തുടങ്ങിയത്. 2023ലെ ഐപിഎല്ലിൽ യാഷ് ദയാലിന്റെ ഓവറിൽ അഞ്ച് സിക്സുകൾ പറത്തി റിങ്കു മത്സരം വിജയിപ്പിച്ചിരുന്നു. എന്നാൽ അന്ന് നിരാശനായ യാഷിനെ അന്നത്തെ ടീമായ ഗുജറാത്ത് ടൈറ്റൻസ് കൈവിട്ടു. പിന്നാലെ റോയൽ ചലഞ്ചേഴ്സിലെത്തിയ യാഷ് തന്റെ മികവ് പുറത്തെടുത്തു. 2024ലെ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയ യാഷിനെ നടത്തിയ റിങ്കു അഭിനന്ദിച്ചത് എല്ലാം ഗോഡ്സ് പ്ലാൻ എന്ന വാചകം ഉപയോഗിച്ചായിരുന്നു. പിന്നാലെ റിങ്കുവിനെ അടയാളപ്പെടുത്തുന്ന വാചകമായി ഇത് മാറി.
ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20യിൽ 29 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സും സഹിതം 53 റൺസാണ് റിങ്കുവിന്റെ സംഭാവന. നിതീഷ് കുമാർ റെഡ്ഡിയുമായി ചേർന്ന് നാലാം വിക്കറ്റിൽ 108 റൺസാണ് റിങ്കു കൂട്ടിച്ചേർത്തത്. നിതീഷ് 34 പന്തിൽ നാല് ഫോറും ഏഴ് സിക്സും സഹിതം നിതീഷ് 74 റൺസെടുത്തു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 221 റൺസാണ് നേടിയത്.
Content Highlights: Rinku Singh's gods plan celebration goes viral