'ചിലപ്പോൾ ഹാർദിക്കിന് പന്ത് നൽകില്ല, ചിലപ്പോൾ സുന്ദറിനും': കാരണം പറഞ്ഞ് സൂര്യകുമാർ

മത്സരത്തിൽ 45 റൺസിനിടെ മൂന്ന് വിക്കറ്റ് വീണപ്പോൾ എന്തായിരുന്നു മനസിലെന്ന ചോദ്യത്തിനും സൂര്യ പ്രതികരിച്ചു

dot image

ബം​ഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20യിൽ ഹാർദിക് പാണ്ഡ്യയെ എന്തുകൊണ്ട് ബൗളിങ്ങിന് ഉപയോ​ഗിച്ചില്ല എന്ന ചോദ്യത്തിന് മറുപടി നൽകി ഇന്ത്യൻ ട്വന്റി 20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ചിലപ്പോൾ ഹാർദിക് പാണ്ഡ്യയ്ക്ക് പന്ത് നൽകില്ല. മറ്റ് ചില സാഹചര്യങ്ങളിൽ സ്പിന്നർ വാഷിങ്ടൺ സുന്ദറിനെ ബൗളിങ്ങിന് ഉപയോ​ഗിക്കില്ല. ഇത് വ്യത്യസ്തമായ സാഹചര്യങ്ങളിൽ താരങ്ങൾ എങ്ങനെ പന്തെറിയുമെന്ന് അറിയാനാണെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.

മത്സരത്തിൽ 45 റൺസിനിടെ മൂന്ന് വിക്കറ്റ് വീണപ്പോൾ എന്തായിരുന്നു മനസിലെന്ന ചോദ്യത്തിനും സൂര്യ പ്രതികരിച്ചു. തന്റെ ബാറ്റർമാർ ഇത്തരം സാഹചര്യങ്ങൾ നേരിടുന്നത് നല്ലതാണ്. നാല്, അഞ്ച് നമ്പറുകളിൽ എത്തുന്ന ബാറ്റർമാർക്ക് നന്നായി കളിക്കാനുള്ള അവസരമാണത്. നിതീഷ് കുമാർ റെഡ്ഡിയും റിങ്കു സിങ്ങും നന്നായി കളിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും സൂര്യകുമാർ യാദവ് വ്യക്തമാക്കി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 45 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. നാലാം വിക്കറ്റിൽ നിതീഷ് കുമാർ റെഡ്ഡിയും റിങ്കു സിങ്ങും ഒന്നിച്ചതോടെയാണ് ഇന്ത്യൻ സ്കോറിങ്ങ് മുന്നോട്ടുകുതിച്ചത്. 34 പന്ത് നേരിട്ട നിതീഷ് 74 റൺസെടുത്തു. 29 പന്തിൽ 53 റൺസാണ് റിങ്കുവിന്റെ സംഭാവന. ഇരുവരും നാലാം വിക്കറ്റിൽ 108 റൺസ് കൂട്ടിച്ചേർത്തു. 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുക്കാന‍ും ഇന്ത്യയ്ക്ക് സാധിച്ചു.

ഏഴ് ബൗളർമാരെയാണ് സൂര്യകുമാർ ബം​ഗ്ലാദേശിനെതിരെ പന്തെറിയിച്ചത്. പന്തെറിഞ്ഞവരെല്ലാം വിക്കറ്റും സ്വന്തമാക്കി. വരുൺ ചക്രവർത്തിയും നിതീഷ് കുമാർ റെഡ്ഡിയും രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. അർഷ്ദീപ് സിങ്, വാഷിങ്ടൺ സുന്ദർ, അഭിഷേക് ശർമ, മായങ് യാദവ്, റിയാൻ പരാ​ഗ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

Content Highlights: Suryakumar Yadav opens up why Hardik didn't bowl

dot image
To advertise here,contact us
dot image