ക്രിക്കറ്റ് മത്സരത്തിനിടെ സിക്സടിച്ചും മറ്റും 'കാട്ടിൽ പോയ' പന്ത് തിരയുന്നത് നമ്മുടെയെല്ലാം നാട്ടിൻപുറങ്ങളിലേയും കുട്ടിക്കാലത്തേയും ഓർമകളാണ്. എന്നാൽ പ്രധാന ടൂർണമെന്റുകളിലോ മത്സരങ്ങളിലോ ഇങ്ങനെയുള്ള സംഭവം നമുക്ക് ഊഹിക്കാൻ പോലും കഴിയില്ല. എന്നാൽ ബാറ്റർ സിക്സടിച്ച് 'കാട്ടിൽ പോയ' പന്തിനായി തിരയുന്ന ഓസ്ട്രേലിയൻ താരങ്ങളുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സ്പിന്നർ നേഥൻ ലയൺ ഉൾപ്പെടെയുള്ളവരാണ് പന്ത് കണ്ടെടുക്കാനായി പുല്ലുകൾക്കും ചെടികൾക്കുമിടയിൽ നടന്ന് അങ്ങോട്ടുമിങ്ങോട്ടും തിരയുന്നത്.
ഓസ്ട്രേലിയയിലെ സുപ്രധാന ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ഷെഫീൽഡ് ഷീൽഡിനിടെയാണ് ഈ കൗതുകകരമായ സംഭവം അരങ്ങേറിയത്. നഷ്ടമായ പന്ത് തിരയുമ്പോൾ മുമ്പ് കളഞ്ഞുപോയ പന്ത് കിട്ടുന്ന നാട്ടിൻപുറങ്ങളിലെ പതിവ് അനുഭവം പോലൊന്ന് ഇവിടെയുമുണ്ടായി. നേഥൻ ലയണിനാണ് ചുവന്ന പന്ത് തിരയുന്നതിനിടെ ഒരു വെളുത്ത പന്ത് ലഭിച്ചത്.
ഷെഫീൽഡ് ഷീൽഡിൽ ന്യൂസൗത്ത് വെയിൽസും സൗത്ത് ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തിനിടെ ഒരു ബാറ്റർ അടിച്ച പടുകൂറ്റൻ സിക്സിനെത്തുടർന്നാണ് പന്ത് കാണാതെ പോയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ക്രിക്കറ്റ് ഓസ്ട്രേലിയയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഈ വീഡിയോ ലോകമെമ്പാടുമുള്ള ആരാധകര് ഏറ്റെടുക്കുകയും ചെയ്തു.
നാട്ടിൻപുറത്തെ ക്രിക്കറ്റ് മൈതാനങ്ങളിൽ കാണുന്നതുപോലെ, കാണാതെ പോയ പന്തിനായി രാജ്യാന്തര താരങ്ങൾ ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തുന്നതിന് ആരാധകർ രസകരമായ കമന്റുകളാണ് നൽകിയത്. കാണാതെ പോയ പന്ത് അന്വേഷിച്ചു നടക്കുന്നത് എന്തിനാണ്, വേറെ പന്തില്ലേ എന്ന് ചോദിക്കുന്നവരും കമന്റുകളിലുണ്ട്. ഏതായാലും ലയൺ ഉൾപ്പെടെയുള്ള താരങ്ങളും ഗ്രൗണ്ട് സ്റ്റാഫും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പന്ത് കണ്ടെത്തി.