ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കിയതിന് ശേഷം നായകൻ സൂര്യകുമാര്‍ യാദവ് പറഞ്ഞ വാക്കുകളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പവര്‍ പ്ലേയില്‍ ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മയും ശേഷം താനും എളുപ്പത്തിൽ മടങ്ങിയതിനെ കുറിച്ചാണ് സൂര്യകുമാർ പറഞ്ഞത്. ഇന്ത്യ ആറോവറില്‍ 45-3ലേക്ക് ചുരുങ്ങിയത് നന്നായെന്നും അത് കൊണ്ട് ഇത്തരം അനിശ്ചിതത്വം നിറഞ്ഞ ഘട്ടത്തിൽ മധ്യനിര എങ്ങനെ പ്രവർത്തിക്കുമെന്ന് അറിയാനായെന്നും അതിൽ താൻ സന്തോഷവാനാണെന്നും സൂര്യ പ്രതികരിച്ചു.
ഇത്തരമൊരു സാഹചര്യത്തില്‍ 5,6,7 സ്ഥാനത്ത് വരുന്നവര്‍ എങ്ങനെ കളിക്കുന്നു എന്നറിയാന്‍ ഈ സാഹചര്യം കൊണ്ട് കഴിഞ്ഞു. റിങ്കുവിന്‍റെയും നിതീഷിന്‍റെയും പ്രകടനത്തില്‍ സന്തോഷമുണ്ട്. ഞാനാഗ്രഹിച്ചപോലെയാണ് അവര്‍ ബാറ്റ് ചെയ്തത്. അതുപോലെ വ്യത്യസ്ത സാഹചര്യങ്ങളില്‍ ഓരോ ബൗളര്‍മാരും എങ്ങനെ പന്തെറിയും എന്നറിയുന്നതിൽ കൗതുകമുണ്ടെന്നും സൂര്യ പറഞ്ഞു. പാർട് ടൈം ബൗളർമാരെ പന്തെറിയിപ്പിച്ചതിലും സൂര്യ നിലപാട് വ്യക്തമാക്കി.
ടീം പ്രതിസന്ധിയിലായിരിക്കുമ്പോള്‍ ആര്‍ക്കെല്ലാം എന്തെല്ലാം ചെയ്യാനാവുമെന്ന് നോക്കണം. അതുകൊണ്ടാണ് അഭിഷേക് ശര്‍മയെയും നിതീഷ് കുമാറിനെയും റിയാന്‍ പരാഗിനെയും കൊണ്ടെല്ലാം പന്തെറിയിച്ചതും, ഹാര്‍ദ്ദിക്കിനെക്കൊണ്ട് ബൗള്‍ ചെയ്യിക്കാതിരുന്നതും. ചിലപ്പോള്‍ ഹാര്‍ദ്ദിക് പന്തെറിയില്ല, ചലപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ പന്തെറിയില്ല. അങ്ങനെ ചെയ്താലെ മറ്റുള്ളവര്‍ക്ക് എന്ത് ചെയ്യാനാകുമെന്ന് മനസിലാകൂവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights; suryakumar yadhav on openers perfomance in t20 match india vs bangladesh