ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം മത്സരത്തിൽ 133 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൂര്യകുമാർ യാദവിന്റെ സംഘം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 297 റൺസെടുത്തു. ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്. മംഗോളിയയ്ക്കെതിരെ നേപ്പാൾ നേടിയ മൂന്നിന് 314 റൺസാണ് ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ. ബംഗ്ലാദേശിന്റെ മറുപടി 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസിൽ അവസാനിച്ചു.
മലയാളി താരം സഞ്ജു സാംസണിന്റെ സെഞ്ച്വറിയാണ് ഇന്ത്യയെ റെക്കോർഡ് സ്കോറിലേക്ക് നയിച്ചത്. ഇന്ത്യൻ ടീമിന്റെ വെടിക്കെട്ട് ബാറ്റിങ് മുന്നിൽ നിന്ന് നയിച്ചത് സഞ്ജുവായിരുന്നു. 47 പന്തിൽ 111 റൺസെടുത്ത സഞ്ജുവിന്റെ ഇന്നിംഗ്സിൽ 11 ഫോറും എട്ട് സിക്സറുകളുമുണ്ടായിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞ മറ്റൊരു താരം. 35 പന്തിൽ എട്ട് ഫോറും അഞ്ച് സിക്സും സഹിതം 75 റൺസെടുത്താണ് സൂര്യകുമാർ മടങ്ങിയത്. സഞ്ജു സാംസണുമൊത്ത് രണ്ടാം വിക്കറ്റിൽ 173 റൺസാണ് സൂര്യ കൂട്ടിച്ചേർത്തത്. ഇരുവരും പുറത്തായതിന് ശേഷം റിയാൻ പരാഗും ഹാർദിക് പാണ്ഡ്യയും ചേർന്നായിരുന്നു ആക്രമണം.
നാലാമനായി സ്ഥാനം കയറ്റം ലഭിച്ച റിയാൻ പരാഗ് 13 പന്തിൽ ഒരു ഫോറും നാല് സിക്സും സഹിതം 34 റൺസെടുത്ത് പുറത്തായി. 18 പന്തിൽ നാല് ഫോറും നാല് സിക്സും സഹിതം 47 റൺസെടുത്താണ് ഹാർദിക് പാണ്ഡ്യയുടെ ഇന്നിംഗ്സിന് അവസാനമായത്. അവസാന ഓവറിൽ ഹാർദികിനെയും നിതീഷിനെയും നഷ്ടമായതോടെയാണ് ഇന്ത്യൻ സ്കോർ 300 കടക്കാതിരുന്നത്.
മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശിന് ഇന്ത്യയുടെ വമ്പൻ ടോട്ടലിന് വെല്ലുവിളി ഉയർത്താൻ ഒരു ഘട്ടത്തിലും സാധിച്ചില്ല. 63 റൺസുമായി പുറത്താകാതെ നിന്ന തൗഹിദ് ഹൃദോയുടെ പ്രകടനം വേറിട്ട് നിന്നു. 42 റൺസെടുത്ത ലിട്ടൻ ദാസ് മികച്ച പിന്തുണ നൽകി. ഒമ്പത് പന്തിൽ ഒരു ഫോറടക്കം എട്ട് റൺസുമായി മഹ്മദുള്ള അന്താരാഷ്ട്ര ട്വന്റി 20 കരിയർ അവസാനിപ്പിച്ചു.
ഇന്ത്യയ്ക്കായി രവി ബിഷ്ണോയി മൂന്ന് വിക്കറ്റ് വീഴ്ത്തി.
Content Highlights: India cleans up series against Bangladesh