ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഉയർന്ന സ്കോർ; റെക്കോർഡുകൾ തകർത്തെറിഞ്ഞ ബാറ്റിങ് നിര

സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യൻ ടീമിന്റെ വെടിക്കെട്ട് ബാറ്റിങ് മുന്നിൽ നിന്ന് നയിച്ചത്.

dot image

ട്വന്റി 20 ക്രിക്കറ്റിൽ എക്കാലത്തെയും ഉയർന്ന രണ്ടാമത്തെ സ്കോർ ഒരുക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ബം​ഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി 20യിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 297 റൺസെടുത്തു. ട്വന്റി 20 ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ സ്കോറാണിത്.

2017ൽ ശ്രീലങ്കയ്ക്കെതിരെ നേടിയ അഞ്ചിന് 260 എന്ന റെക്കോർഡാണ് സൂര്യകുമാർ യാദവിന്റെ സംഘം പഴങ്കഥയാക്കിയത്. ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ കൂടിയാണിത്. 2022ലെ ഏഷ്യൻ ​ഗെയിംസിൽ മം​ഗോളിയയ്ക്കെതിര നേപ്പാൾ നേടിയ മൂന്നിന് 314 എന്ന സ്കോർ മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

റെക്കോർഡ് സ്കോറിലേക്ക് സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യൻ ടീമിന്റെ വെടിക്കെട്ട് ബാറ്റിങ് മുന്നിൽ നിന്ന് നയിച്ചത്. 47 പന്തിൽ 111 റൺസെടുത്ത സഞ്ജുവിന്റെ ഇന്നിം​ഗ്സിൽ 11 ഫോറും എട്ട് സിക്സുകളുമുണ്ടായിരുന്നു. ഇതാദ്യമായാണ് ഒരു മുഴുവൻ സമയ വിക്കറ്റ് കീപ്പർ ബാറ്റർ ഇന്ത്യയ്ക്കായി ട്വന്റി 20 ക്രിക്കറ്റിൽ സെ‍ഞ്ച്വറി നേട്ടം സ്വന്തമാക്കുന്നത്.

ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞ മറ്റൊരു താരം. 35 പന്തിൽ എട്ട് ഫോറും അഞ്ച് സിക്സും സഹിതം 75 റൺസെടുത്താണ് സൂര്യകുമാർ മടങ്ങിയത്. സഞ്ജു സാംസണുമൊത്ത് രണ്ടാം വിക്കറ്റിൽ 173 റൺസാണ് സൂര്യ കൂട്ടിച്ചേർത്തത്. ഇരുവരും പുറത്തായതിന് ശേഷം റിയാൻ പരാ​ഗും ഹാർദിക് പാണ്ഡ്യയും ചേർന്നായിരുന്നു ആക്രമണം.

നാലാമനായി സ്ഥാനം കയറ്റം ലഭിച്ച റിയാൻ പരാ​ഗ് 13 പന്തിൽ ഒരു ഫോറും നാല് സിക്സും സഹിതം 34 റൺസെടുത്ത് പുറത്തായി. 18 പന്തിൽ നാല് ഫോറും നാല് സിക്സും സഹിതം 47 റൺസെടുത്താണ് ഹാർദിക് പാണ്ഡ്യയുടെ ഇന്നിം​ഗ്സിന് അവസാനമായത്. അവസാന ഓവറിൽ ഹാർദികിനെയും നിതീഷിനെയും നഷ്ടമായതോടെയാണ് ഇന്ത്യൻ സ്കോർ 300 കടക്കാതിരുന്നത്.

Content Highlights: India scored their highest ever team total in t20 cricket

dot image
To advertise here,contact us
dot image