കേരളത്തിനായി തിളങ്ങി 'അതിഥി' താരങ്ങൾ; സർവതെയ്ക്ക് അഞ്ചും സക്‌സേനയ്ക്ക്‌ നാലും വിക്കറ്റ്

രണ്ടാം ദിവസം അഞ്ചിന് 95 എന്ന നിലയിലാണ് പഞ്ചാബ് ബാറ്റിങ് പുനരാരംഭിച്ചത്.

dot image

രഞ്ജി ട്രോഫി ക്രിക്കറ്റിൽ പഞ്ചാബിനെതിരെ രണ്ടാം ദിവസവും കേരളത്തിന് മേൽക്കൈ. ഇന്നലത്തെ മഴയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം ഇന്ന് രാവിലെയും മത്സരം വൈകിയാണ് തുടങ്ങിയത്. രണ്ടാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ പഞ്ചാബ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെന്ന നിലയിലാണ്. കേരളത്തിനായി അതിഥി താരങ്ങളായ ആദിത്യ സർവതെ അഞ്ചും ജലജ് സക്സനേ നാലും വിക്കറ്റ് വീഴ്ത്തി.

രണ്ടാം ദിവസം അഞ്ചിന് 95 എന്ന നിലയിലാണ് പഞ്ചാബ് ബാറ്റിങ് പുനരാരംഭിച്ചത്. 43 റൺസ് നേടിയ രമൺദീപ് സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. ഒരു ഘട്ടത്തിൽ ഒമ്പതിന് 143 റൺസെന്ന നിലയിലായിരുന്നു പഞ്ചാബ്. എന്നാൽ 10-ാം വിക്കറ്റിലെ മായങ്ക് മാർക്കണ്ഡെയുടെയും സിദ്ധാർഥ് കൗളിന്റെയും ചെറുത്ത് നിൽപ്പിൽ പഞ്ചാബിനെ ഓൾ ഔട്ടാക്കുകയെന്ന കേരളത്തിന്റെ മോഹം തകർന്നു. മായങ്ക് 27 റൺസുമായും സിദ്ധാർഥ് കൗൾ 15 റൺസുമായും ക്രീസിലുണ്ട്.

ആദ്യ ദിനം പഞ്ചാബിനായി അൻമോൾപ്രീത് സിങ്ങിന് മാത്രമാണ് തിളങ്ങാനായത്. കേരളത്തിനായി 30 ഓവറിൽ 59 റൺസ് വിട്ടുകൊടുത്താണ് വിദർഭ മുൻ താരം സർവതെ അഞ്ച് വിക്കറ്റ് നേടിയത്. ജലജ് 28 ഓവറിൽ 70 റൺസ് വിട്ടുകൊടുത്തും നാല് വിക്കറ്റെടുത്തു. ഇരുവരെയും കൂടാതെ ബാബ അപരാജിതും ബേസിൽ തമ്പിയും മാത്രമാണ് കേരളത്തിനായി പന്തെറിഞ്ഞത്.

Content Highlights: Kerala keep an edge over Punjab in Ranji Trophy

dot image
To advertise here,contact us
dot image