വ്യക്തിപരമായ നേട്ടങ്ങൾക്ക് ഇന്ത്യൻ ടീമിൽ സ്ഥാനമില്ലെന്ന് ട്വന്റി 20 ടീം നായകൻ സൂര്യകുമാർ യാദവ്. ഒരു താരം 49 റൺസിലോ 99 റൺസിലോ എന്നതിൽ കാര്യമില്ല. അടുത്ത പന്തിൽ സിംഗിൾ എടുത്ത് വ്യക്തിപരമായ നേട്ടം കൈവരിക്കേണ്ടതില്ല. അതാണ് സഞ്ജു ഇന്ന് ചെയ്തത്. ഫോർ അടിച്ചാണ് സഞ്ജു സെഞ്ച്വറി പൂർത്തിയാക്കിയത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ആപ്തവാക്യം ടീമിനേക്കാൾ വലുതല്ല ഒരു താരവും എന്നതാണെന്ന് പരിശീലകൻ ഗംഭീർ പറഞ്ഞിട്ടുണ്ട്. ഒരു ടീമെന്ന നിലയിൽ നമ്മൾ പലതും നേടിയിട്ടുണ്ട്. എനിക്ക് ആവശ്യം ഓരോരുത്തരുടേയും നേട്ടങ്ങൾ ആഘോഷിക്കുന്ന ടീമിനെയാണ്. ശ്രീലങ്കയ്ക്കെതിരായ കഴിഞ്ഞ പരമ്പരയ്ക്ക് മുമ്പും കോച്ച് ഗൗതം ഗംഭീർ ഈ കാര്യം പറഞ്ഞിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി 20യ്ക്ക് ശേഷം സൂര്യകുമാർ യാദവ് പ്രതികരിച്ചത് ഇങ്ങനെ.
ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരിയിരിക്കുകയാണ് ഇന്ത്യ. മൂന്നാം മത്സരത്തിൽ 133 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൂര്യകുമാർ യാദവിന്റെ സംഘം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 297 റൺസെടുത്തു. ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്. മംഗോളിയയ്ക്കെതിരെ നേപ്പാൾ നേടിയ മൂന്നിന് 314 റൺസാണ് ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ. ബംഗ്ലാദേശിന്റെ മറുപടി 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസിൽ അവസാനിച്ചു.
ഇന്ത്യയ്ക്കായി മലയാളി താരം സഞ്ജു സാംസൺ സെഞ്ച്വറി നേടി. 47 പന്തിൽ 111 റൺസെടുത്ത സഞ്ജുവിന്റെ ഇന്നിംഗ്സിൽ 11 ഫോറും എട്ട് സിക്സറുകളുമുണ്ടായിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞ മറ്റൊരു താരം. 35 പന്തിൽ എട്ട് ഫോറും അഞ്ച് സിക്സും സഹിതം 75 റൺസെടുത്താണ് സൂര്യകുമാർ മടങ്ങിയത്. സഞ്ജു സാംസണുമൊത്ത് രണ്ടാം വിക്കറ്റിൽ 173 റൺസാണ് സൂര്യ കൂട്ടിച്ചേർത്തത്.
നാലാമനായി സ്ഥാനം കയറ്റം ലഭിച്ച റിയാൻ പരാഗ് 13 പന്തിൽ ഒരു ഫോറും നാല് സിക്സും സഹിതം 34 റൺസെടുത്ത് പുറത്തായി. 18 പന്തിൽ നാല് ഫോറും നാല് സിക്സും സഹിതം 47 റൺസെടുത്താണ് ഹാർദിക് പാണ്ഡ്യയുടെ ഇന്നിംഗ്സിന് അവസാനമായത്. അവസാന ഓവറിൽ ഹാർദികിനെയും നിതീഷിനെയും നഷ്ടമായതോടെയാണ് ഇന്ത്യൻ സ്കോർ 300 കടക്കാതിരുന്നത്.
Content Highlights: Suryakumar Yadav reacts after series sweep against Bangladesh