ബംഗ്ലാദേശിനെതിരെയുള്ള മൂന്ന് ടി20 മത്സരവും വിജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരിയിരിക്കുകയാണ്. അവസാന മത്സരത്തിൽ സഞ്ജു സാംസൺ അതിവേഗ സെഞ്ച്വറിയുമായി തകർത്തടിച്ചപ്പോൾ ഇന്ത്യ 133 റൺസിന്റെ കൂറ്റൻ വിജയമാണ് നേടിയത്. സഞ്ജുവിനെ പോലെ തന്നെ ചുരുങ്ങിയ പന്തുകളിൽ പരമാവധി സ്കോർ ചെയ്ത് ഹാർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും റിയാൻ പരാഗുമെല്ലാം മത്സരത്തിൽ ചെറുതല്ലാത്ത സംഭാവന നൽകി. 261ന്റെ സ്‌ട്രൈക്ക് റേറ്റിലാണ് ഇതിൽ ഹാർദിക് പാണ്ഡ്യ കളിച്ചത്. 18 പന്തിൽ നാല് ഫോറും നാല് സിക്സുമടക്കം 47 റൺസാണ് താരം നേടിയത്. കഴിഞ്ഞ മത്സരത്തിൽ 19 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സുകളുമടക്കം താരം 32 റൺസ് നേടിയിരുന്നു. ആദ്യ മത്സരത്തിൽ 16 പന്തിൽ അഞ്ചു ഫോറും രണ്ട് സിക്സുമടക്കം 39 റൺസും നേടി. ഇതോടെ പരമ്പരയിൽ സ്ഥിരതയാർന്ന പ്രകടനത്തിൽ താരം പ്ലയെർ ഓഫ് ദി സീരീസുമായി.
Proud of this team and everything we’ve achieved this series! Credit to all the young players, who’ve stepped up when called up on. Fruits of all the hard work that we’ve put in. The future is bright 🇮🇳❤️ pic.twitter.com/buRXFnzZY6
— hardik pandya (@hardikpandya7) October 12, 2024
ഇപ്പോഴിതാ പ്ലയെർ ഓഫ് ദി സീരീസ് പുരസ്കാരം സ്വീകരിച്ച ശേഷമുള്ള ഹാർദികിന്റെ വാക്കുകളാണ് ചർച്ചയാകുന്നത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും പരിശീലകൻ ഗൗതം ഗംഭീറിനും ഹാർദിക് നന്ദി പറയുകയുണ്ടായി.
'എല്ലാവരുടെയും വിജയങ്ങൾ അവരവരുടെ വിജയങ്ങളായി ആഘോഷിക്കുന്ന ഒരു അന്തരീക്ഷം ടീമിൽ ക്യാപ്റ്റനും കോച്ചും ഉണ്ടാക്കിയിട്ടുണ്ട്. ഇങ്ങനെയുണ്ടാകുമ്പോൾ സമ്മർദമില്ലാതെ കളിക്കാൻ സാധിക്കും. കൂടുതൽ കോൺട്രിബ്യൂട്ട് ചെയ്യാൻ പ്രചോദിപ്പിക്കും. പരിശീലകനും ക്യാപ്റ്റനും നൽകിയ സ്വാതന്ത്ര്യത്തിന് നന്ദി, സമ്മർദ്ദമില്ലാതെ മൈതാനത്ത് കളിക്കാൻ തീർച്ചയായും അവരുടെ വാക്കുകൾ സഹായിച്ചു', ഹർദിക് പറഞ്ഞത് ഇങ്ങനെ.
നേരത്തെ രോഹിത് ശർമയിൽ നിന്ന് ടി20 ടീമിന്റെ നായക സ്ഥാനം ഹാർദിക്കിന് നൽകാതെ ബിസിസിഐ സൂര്യകുമാർ യാദവിന് നൽകിയപ്പോൾ അത് അവർക്കിടയിലുള്ള ബന്ധത്തിന് വിള്ളൽ വീഴ്ത്തുമോ എന്ന സന്ദേഹം പലരും പ്രകടിപ്പിച്ചിരുന്നു. ഈ സന്ദേഹങ്ങളെ കാറ്റിൽ പറത്തിയാണ് ഹർദിക് പരമ്പര വിജയത്തിൽ ക്യാപ്റ്റനെ അഭിനന്ദിക്കുക്കുകയും നന്ദി പറയുകയും ചെയ്തത്.
ഹാർദികിന്റെ പ്രകടനത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പ്രതികരിച്ചു. ടീമിന്റെ സമ്മർദ്ദം കുറയ്ക്കാൻ ഹാർദികിന്റെ സമയോചിത ബാറ്റിങ് ഏറെ സഹായകമായി എന്നായിരുന്നു പ്രെസന്റേഷൻ സമയത്തെ സൂര്യയുടെ പ്രതികരണം.
Content Highlights: hardik Pandya's statement On captain Suryakumar Yadav