ട്വന്റി 20 വനിത ലോകകപ്പിൽ ഓസ്ട്രേലിയയോട് പൊരുതി തോറ്റ് ഇന്ത്യ. ഒമ്പത് റൺസിനായിരുന്നു ഇന്ത്യൻ വനിതകളുടെ പരാജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ വനിതകൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തു. മറുപടി പറഞ്ഞ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 142 റൺസിലെത്താനെ സാധിച്ചുള്ളു. തോൽവിയോടെ ഇന്ത്യയുടെ സെമി സാധ്യതകൾ മങ്ങി. ഇനി ഇന്ത്യയ്ക്ക് സെമിയിലെത്തണമെങ്കിൽ നാളെ നടക്കുന്ന മത്സരത്തിൽ പാകിസ്താൻ വനിതകൾ ന്യൂസിലാൻഡ് വനിതകളെ പരാജയപ്പെടുത്തണം.
മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയൻ വനിതകൾ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസീസിന് വേണ്ടി ഗ്രേസ് ഹാരിസ് 40, തഹ്ലിയ മഗ്രാത്ത് 32, എല്ലിസ് പെറി 32 എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി രേണുക താക്കൂര്‍, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി പറഞ്ഞ ഇന്ത്യയ്ക്ക് വേഗത്തിൽ റൺസ് ഉയർത്താൻ ശ്രമിച്ചത് തുടക്കത്തിൽ തിരിച്ചടിയായി. ഷഫാലി വർമ 13 പന്തിൽ 20 റൺസെടുത്തും ജമീമ റോഡ്രിഗസ് 12 പന്തിൽ 16 റൺസെടുത്തും പുറത്തായി. സ്മൃതി മന്ദാനയ്ക്ക് ബാറ്റിങ്ങിൽ താളം കണ്ടെത്താനായില്ല. 12 പന്തിൽ ആറ് റൺസ് മാത്രമാണ് മന്ദാനയുടെ സംഭാവന. 6.5 ഓവർ പിന്നിടുമ്പോൾ ഇന്ത്യൻ സ്കോർ മൂന്നിന് 47 എന്ന നിലയിലായിരുന്നു. പിന്നാലെ ഒരറ്റത്ത് ഒറ്റയാൾ പോരാട്ടവുമായി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ടീമിനെ മുന്നോട്ട് നയിച്ചു. 47 പന്തിൽ ആറ് ഫോറുകൾ ഉൾപ്പടെ 54 റൺസെടുത്ത് പുറത്താകാതെ നിന്ന ഹർമൻപ്രീതിന്റെ പോരാട്ടം പക്ഷേ വിജയത്തിലെത്തിയില്ല. ഓസ്ട്രേലിയയ്ക്കായി അനാബെൽ സത്തർലാൻഡ്, സോഫി മോളിനക്സ് എന്നവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
Content Highlights: India All But Out Of Semi-Finals Race After Losing To Australia