വനിത ട്വന്റി 20 ലോകകപ്പിൽ സെമിയിലെത്താൻ ഇന്ത്യൻ വനിതകൾക്ക് ഒരു മാർഗം മാത്രമാണുള്ളത്. നാളെ നടക്കുന്ന മത്സരത്തിൽ പാകിസ്താൻ വനിതകൾ ന്യൂസിലാൻഡ് വനിതകളെ പരാജയപ്പെടുത്തണം. അങ്ങനെയെങ്കിൽ ഇന്ത്യയ്ക്കും ന്യൂസിലാൻഡിനും പാകിസ്താനും നാല് പോയിന്റുകൾ വീതമാകും. മികച്ച നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയ്ക്ക് ഓസ്ട്രേലിയയ്ക്കൊപ്പം സെമിയിൽ കടക്കാം.
പാകിസ്താന് സെമിയിൽ കടക്കണമെങ്കിൽ ന്യൂസിലാൻഡിനെതിരെ വലിയ വിജയം ആവശ്യമാണ്. എന്നാൽ പാകിസ്താനെതിരെ ന്യൂസിലാൻഡ് ആണ് വിജയിക്കുന്നതെങ്കിൽ ആറ് പോയിന്റോടെ കിവീസ് സംഘം സെമിയിൽ കടക്കും. എട്ട് പോയിന്റുള്ള ഓസ്ട്രേലിയൻ വനിതകൾ മാത്രമാണ് ഗ്രൂപ്പിൽ നിന്നും സെമി ഉറപ്പിച്ചിരിക്കുന്ന ഏക ടീം. നാല് മത്സരങ്ങളും പരാജയപ്പെട്ട ശ്രീലങ്കൻ വനിതകൾ നേരത്തെ തന്നെ ട്വന്റി 20 ലോകകപ്പിൽ നിന്ന് പുറത്തായിക്കഴിഞ്ഞു.
വനിത ട്വന്റി 20 ലോകകപ്പിന്റെ സെമി സാധ്യതകൾക്കായി ഇന്ന് നടന്ന നിർണായക മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. ഒമ്പത് റൺസിനായിരുന്നു ഇന്ത്യൻ വനിതകളുടെ പരാജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ വനിതകൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തു. മറുപടി പറഞ്ഞ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 142 റൺസിലെത്താനെ സാധിച്ചുള്ളു.
Content Highlights: India Can Still Reach Women's T20 World Cup 2024 Semifinals Despite Loss vs Australia