ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് പരിശീലകനായി തിരിച്ചെത്തിയിരിക്കുകയാണ് ശ്രീലങ്കൻ മുൻ താരം മഹേല ജയവർധന. 2022ൽ മുംബൈ ഇന്ത്യൻസ് പരീശിലക സ്ഥാനത്ത് നിന്നും ജയവർധന ഫ്രാഞ്ചൈസിയുടെ ഗ്ലോബൽ ക്രിക്കറ്റ് ഹെഡായി നിയമിതനായിരുന്നു. വിദേശ ലീഗുകളിൽ ഉൾപ്പടെ മുംബൈ ഇന്ത്യൻസിന്റെ വിപുലീകരണമായിരുന്നു ലക്ഷ്യം. പിന്നാലെ 2023, 2024 സീസണുകളിൽ ദക്ഷിണാഫ്രിക്കൻ മുൻ പരീശീലകൻ മാർക് ബൗച്ചറായിരുന്നു മുംബൈയുടെ പരിശീലകൻ. എന്നാൽ കഴിഞ്ഞ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസ് പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്.
2017ലാണ് മുംബൈ ഇന്ത്യൻസ് പരിശീലകനായി മഹേല ജയവർധന സ്ഥാനമേറ്റത്. പിന്നാലെ 2017, 2019, 2021 സീസണുകളിൽ ജയവർധനയ്ക്കൊപ്പം മുംബൈ ഇന്ത്യൻസ് കപ്പുയർത്തി. 2023ൽ മാർക് ബൗച്ചറിന്റെ കീഴിൽ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലെത്തിയിരുന്നു. എന്നാൽ 2024ലെ സീസണിന് മുമ്പായി രോഹിത് ശർമയ്ക്ക് പകരം ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത് മുതൽ ടീമിന്റെ താളം പിഴച്ചു.
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങൾ മാത്രമാണ് മുംബൈയ്ക്ക് നേടാനായത്. ടീമിനുള്ളിൽ താരങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നത് മറനീക്കി പുറത്തുവന്നു. ഇത് ടീമിന്റെ പ്രകടനത്തെ ഉൾപ്പടെ ബാധിച്ചു. മോശം പ്രകടനത്തിൽ മാർക് ബൗച്ചർ പുറത്തായതോടെ അടുത്ത ഐപിഎൽ സീസണിൽ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് ഉൾപ്പെടെ മാറ്റമുണ്ടായേക്കുമെന്നാണ് സൂചനകൾ.
Content Highlights: Mahela Jayawardene returns as MI head coach ahead of IPL 2025